കോണ്‍ഗ്രസിനെ ഒഴിവാക്കി ഒരു ബദല്‍ സാധ്യമല്ല-ശരത് പവാര്‍
2024 പൊതുതെരഞ്ഞെടുപ്പിൽ കൂട്ടായ നേതൃത്വത്തിലുള്ള ശക്തമായ ഒരു മൂന്നാം മുന്നണി ആവശ്യമാണെന്ന് പവാർ വ്യക്തമാക്കി.
കോൺഗ്രസിനെ ഒഴിവാക്കി രാജ്യത്ത് പ്രതിപക്ഷനിരയിൽ മൂന്നാം മുന്നണി രൂപപ്പെടുന്നതായുള്ള സൂചനകൾ പുറത്തു വരുത്തുന്നതിനിടെ വിശദീകരണവുമായി എൻ.സി.പി. അധ്യക്ഷൻ ശരത്ത് പവാർ രംഗത്ത്. കോൺഗ്രസില്ലാതെ ബിജെപിക്ക് എതിരെ പൊരുതാനുള്ള ഒരു ബദൽ സാധ്യമല്ലെന്ന് ശരത് പവാർ വ്യക്തമാക്കി. കോൺഗ്രസിനെ ഒഴിവാക്കിയുള്ള ഒരു ബദലിനെക്കുറിച്ചുള്ള ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് മുന്നണിയുണ്ടായാലും അതിന് കൂട്ടായ നേതൃത്വമുണ്ടാകണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
പവാർ തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയത് മുതൽ കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനാണ് പവാറിന്‍റെ ശ്രമമെന്ന് അഭ്യൂഹം പരന്നിരുന്നു. അതിന് പിന്നാലെ ശരത് പവാറിന്‍റെയും യശ്വന്ത് സിൻഹയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിരുന്നു. അതോടു കൂടി കോൺഗ്രസ് ഇതര മൂന്നാം മുന്നണി അഭ്യൂഹങ്ങൾ വീണ്ടും സജീവമായിരു്ന്നു. യോഗത്തിൽ തന്നെ വിവിധ കക്ഷികൾ കോൺഗ്രസിനെ കൂടാതെ ഒരു ബദൽ സാധ്യമല്ലെന്ന് വ്യക്തമാക്കിരുന്നതായാണ് സൂചന. നിലവിൽ വ്യക്തമായ ചർച്ചകളൊന്നും നടന്നില്ലെങ്കിലും 2024 പൊതുതെരഞ്ഞെടുപ്പിൽ കൂട്ടായ നേതൃത്വത്തിലുള്ള ശക്തമായ ഒരു മൂന്നാം മുന്നണി ആവശ്യമാണെന്ന് പവാർ വ്യക്തമാക്കി.