തോൽവിയിലും തിളങ്ങിത്തന്നെ; ജിതേന്ദ്രയല്ല തരൂർ
2000 നടന്ന കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിക്കെതിരെ വെറും 94 വോട്ടാണ് ജിതേന്ദ്ര പ്രസാദയ്ക്ക് ലഭിച്ചത്. അതേ അനുഭവമായിരിക്കും തരൂരിനുമെന്ന് നെഹ്‌റു കുടുംബത്തോടൊപ്പം നിലയുറപ്പിച്ച നേതാക്കൾ പ്രചരിപ്പിച്ചിരുന്നു
ന്യൂഡൽഹി: രണ്ടായിരമാണ്ടിന്റെ തുടക്കത്തിലാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യംചെയ്ത് കോൺഗ്രസിൽ പുതിയൊരു കലാപം തലപൊക്കുന്നത്. സോണിയ ഗാന്ധിയുടെ പരിചയക്കുറവും വിദേശ പാരമ്പര്യവുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ആ കലാപം. ശരദ് പവാർ, പിഎ സാങ്മ, താരിഖ് അൻവർ തുടങ്ങിയവർ ഉയർത്തിയ ആ പരസ്യപ്രതിഷേധത്തിനൊടുവിലാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഒരു ഭാഗത്ത് സോണിയ ഗാന്ധി. വിമതവിഭാഗത്തിന്റെ നോമിനിയായി എതിർവശത്ത് ഡൽഹിയിലെ ഷാജഹാൻപൂരിൽനിന്നുള്ള മുതിർന്ന നേതാവ് ജിതേന്ദ്ര പ്രസാദ. 2000 നവംബറിൽ നടന്ന ആ തെരഞ്ഞെടുപ്പിൽ പക്ഷെ എതിരാളിയെയും വിമതസ്വരങ്ങളെയുമെല്ലാം നിഷ്പ്രഭമാക്കി സോണിയ. ആകെ രേഖപ്പെടുത്തിയ 7,700 വോട്ടിൽ സോണിയയ്ക്ക് ലഭിച്ചത് 7,448 വോട്ട്. ജിതേന്ദ്ര വെറും 94 വോട്ടുമായി 'വട്ടപ്പൂജ്യനാ'യി.
സമാനമായ രീതിയിലായിരുന്നു ഇത്തവണയും കോൺഗ്രസിൽ ഹൈക്കമാൻഡിനും നെഹ്‌റു കുടുംബത്തിന്റെ ഏകാധിപത്യത്തിനും എതിരെ കോൺഗ്രസിൽ കലാപക്കൊടി ഉയർന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ആരംഭിച്ച വിമതശബ്ദം അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്കു പിന്നാലെ കൂടുതൽ കരുത്താർജിക്കുകയായിരുന്നു. ജി-23 എന്ന പേരിൽ അതൊരു നേതൃസംഘമാകുകയും ചെയ്തു. കൂട്ടത്തിലുണ്ടായിരുന്ന ഗുലാംനബി ആസാദും കപിൽ സിബലുമെല്ലാം പാർട്ടി വിട്ടു.
എന്നാൽ, ജി-23 ഗ്യാങ്ങിലിരിക്കെ തന്നെ കോൺഗ്രസിനെ ഉള്ളിൽനിന്ന് തിരുത്താനായിരുന്നു ശശി തരൂരിന്റെ പ്ലാൻ. പതിറ്റാണ്ടുകൾക്കുശേഷം പാർട്ടിയിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മത്സരിക്കാൻ താൽപര്യമറിയിച്ച് തരൂറിന്റെ സർപ്രൈസ്. ആര് മത്സരിച്ചാലും പിന്നോട്ടില്ലെന്ന് ഉറപ്പിച്ചുതന്നെയായിരുന്നു എൻട്രി. ഇതോടെ, നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തരും കേരളത്തിൽനിന്നടക്കമുള്ള മുതിർന്ന നേതാക്കളും രംഗത്തെത്തി.
തരൂരിനെതിരെ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തൻ രാജസ്ഥാനിൽനിന്നുള്ള അശോക് ഗെഹ്ലോട്ട് എത്തുമെന്നായിരുന്നു ആദ്യം റിപ്പോർട്ടുണ്ടായിരുന്നത്. എന്നാൽ, രാജസ്ഥാനിൽ സച്ചിൻ പൈലറ്റുമായുണ്ടായ മുഖ്യമന്ത്രി അധികാരത്തർക്കം ഇതിനിടയിൽ ഗെഹ്ലോട്ടിന് തിരിച്ചടിയായി. ഇടയ്ക്ക് ദ്വിഗ്‌വിജയ് സിങ്ങും രംഗത്തെത്തിയെങ്കിലും അവസാന നിമിഷം പിന്മാറി. അങ്ങനെയാണ് കർണാടകയിൽനിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചത്.
സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ആശീർവാദത്തോടെയാണ് ഖാർഗെ എത്തുന്നതെന്നു വ്യക്തമായിരുന്നു. ഖാർഗെയെ പിന്തുണച്ച് മുതിർന്ന നേതാക്കൾ ഓരോന്നായി രംഗത്തെത്തി. കേരളത്തിൽനിന്നടക്കം തരൂരിന് കാര്യമായ പിന്തുണ ലഭിച്ചില്ല. ഒരുഘട്ടത്തിൽ തരൂരിനെ തള്ളിപ്പറഞ്ഞുവരെ നേതാക്കൾ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സംസ്ഥാനത്തുനിന്നും അനുകൂലമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്. തെലങ്കാന കോൺഗ്രസ് കമ്മിറ്റി തരൂരിനോട് തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറണമെന്നു വരെ ആവശ്യപ്പെട്ടു.
കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ തരൂരിന്റെ പരിചയക്കുറവ് പരസ്യമായി ചൂണ്ടിക്കാട്ടി. എ.കെ ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളെല്ലാം ഖാർഗെയ്ക്ക് പിന്തുണ അറിയിച്ചു. ഒരുപടി കൂടി കടന്ന് ജിതേന്ദ്രയുടെ അനുഭവമായിരിക്കും തരൂരിനുമെന്ന് നേതാക്കൾ വിധിയെഴുതി.
എന്നാൽ, ആഴ്ചകളോളം തരൂർ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. മത്സരത്തിൽനിന്ന് പിൻവാങ്ങിയില്ലെന്നു മാത്രമല്ല, തന്റെ ലക്ഷ്യവും പദ്ധതികളുമെല്ലാം വിശദീകരിച്ച് അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിലെത്തി. നെഹ്‌റു കുടുംബത്തിന്റെ സർവാധിപത്യം ചോദ്യംചെയ്യാൻ വരെ അദ്ദേഹം ധൈര്യംകാട്ടി.
ഒടുവിൽ, വോട്ടെടുപ്പിന്റെ ഫലം പുറത്തുന്നപ്പോൾ ആയിരം വോട്ടാണ് തരൂർ നേടിയത്. ജിതേന്ദ്രയെപ്പോലെയായിരുന്നില്ല, അന്നത്തെ വിമതനീക്കങ്ങളെപ്പോലെയല്ല തരൂർ പാർട്ടിക്കകത്തുണ്ടാക്കിയ ഓളമെന്നു വ്യക്തം. വിലപ്പെട്ട 1,072 വോട്ടാണ് തരൂർ സ്വന്തമാക്കിയത്. 400ലേറെ വോട്ട് അസാധുവാകുകയും ചെയ്തിട്ടുണ്ട്.
പാർട്ടിയിൽ മാറ്റം വേണമെന്ന തരൂരിന്റെ മുദ്രാവാക്യം ഏറ്റെടുത്തത് ആയിരത്തിലേറെ പേരാണ്. ഖാർഗെ നെഹ്‌റു കുടുംബത്തിന്റെ സ്ഥാനാർത്ഥിയാണെന്നതൊരു പരസ്യമായ രഹസ്യമായിരിക്കെയാണ് ഇത്രയും പേർ തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്. അതുകൊണ്ട് തന്നെ ഈ അങ്കത്തിൽ തരൂർ ജയിച്ചില്ലെങ്കിലും തോറ്റിട്ടില്ലെന്നു വ്യക്തമാണ്. അദ്ദേഹം സൃഷ്ടിച്ച ഓളം പാർട്ടിക്കകത്ത് കൂടുതൽ ഇളക്കങ്ങളുണ്ടാക്കാനുള്ള എല്ലാ സാധ്യതകളും അവശേഷിപ്പിച്ചാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് തിരശ്ശീല വീഴുന്നത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ഖാര്‍ഗെയെ അഭിനന്ദിച്ച് ആദ്യമായി രംഗത്തെത്തിയ പ്രമുഖരില്‍ ഒരാളും തരൂരായിരുന്നു. പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഖാര്‍ഗെയ്‍ക്കൊപ്പമുണ്ടാകുമെന്ന് തരൂര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Summary: Jitendra Prasada's history of 2000 did not repeat in Congress President election as Shashi Tharoor shines even in defeat