അദ്വാനിക്ക് ജന്മദിനാശംസ നേർന്നതിന് എന്നെ സംഘിയാക്കി: ശശി തരൂർ
''പാപത്തിനെതിരെ പോരാടാനും പാപിയെ സ്‌നേഹിക്കാനും ആലിംഗനം ചെയ്യാനുമാണ് ഗാന്ധിജി നമ്മെ പഠിപ്പിച്ചത്. എല്ലാഭാഗത്തുമുള്ള അസഹിഷ്ണുതയെ ഞാൻ അപലപിക്കുന്നു'' തരൂർ ട്വിറ്ററിൽ കുറിച്ചു
മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്നതിന് പലരും എന്നെ സംഘിയാക്കിയെന്നും ട്വീറ്റിനെ തുടർന്നുണ്ടായ വിവാദം തന്നെ ഞെട്ടിച്ചുവെന്നും ശശി തരൂർ എം.പി. ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയെ രാഷ്ട്രീയത്തിലെ മാന്യനും വിപുല വായനയും വലിയ മര്യാദയുമുള്ള നേതാവെന്നും വിശേഷിപ്പിച്ച് ശശി തരൂർ ജന്മദിനാശംസകൾ നേർന്നത് വലിയ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് തരൂർ വിശദീകരണ ട്വീറ്റുകൾ ചെയ്തത്. നമ്മുടെ രാഷ്ട്രീയ രംഗത്ത് പൗരബോധം നഷ്ടമായോയെന്നും ഗാന്ധിജി രാഷ്ട്രീയ പ്രതിയോഗികളെ ബഹുമാനിക്കാനാണ് പഠിപ്പിച്ചതെന്നും തരൂർ ട്വീറ്റ് ചെയ്തു.
''പാപത്തിനെതിരെ പോരാടാനും പാപിയെ സ്‌നേഹിക്കാനും ആലിംഗനം ചെയ്യാനുമാണ് ഗാന്ധിജി നമ്മെ പഠിപ്പിച്ചത്. അഹിംസ സ്‌നേഹത്തിന്റെ ഗുണകരമായ വശമാണ്, തിന്മയുടെ ആളുകളോട് പോലും നന്മ ചെയ്യലാണ്. നന്മയും തിന്മയും എളുപ്പത്തിൽ വിശദീകരിക്കാനാകാത്ത ഗാന്ധിയൻ പദങ്ങളാണ്. പല മനുഷ്യരിലും അതിന്റെ നിഴലുണ്ട്. എല്ലാഭാഗത്തുമുള്ള അസഹിഷ്ണുതയെ ഞാൻ അപലപിക്കുന്നു'' ശശി തരൂർ മറ്റൊരു ട്വീറ്റിൽ കുറിച്ചു.
''രാഷ്ട്രീയമായി എതിർപക്ഷത്തുള്ള എൽ.കെ അദ്വാനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമൊക്കെ ഞാൻ ജന്മദിനാശംസ നേരാറുണ്ട്. ഞാൻ എന്തിൽ വിശ്വസിക്കുന്നുവെന്ന് എന്റെ 40 വർഷത്തെ എഴുത്തുജീവിതം വ്യക്തമാക്കുന്നു. അവ വായിക്കാത്തവർക്ക് മാത്രമേ എന്നെ സംഘിയെന്ന് വിളിക്കാനാകൂ. എന്റെ മൂല്യബോധം അവർക്ക് വേണ്ടി തള്ളിക്കളയില്ല'' ശശി തരൂർ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് ശശി തരൂർ വിവാദ ജന്മദിനാശംസ പോസ്റ്റ് ചെയ്തത്. 1980 രാമജന്മഭൂമി വിവാദത്തിൽ മുഖ്യസ്ഥാനത്ത് നിന്ന നേതാവിന് ആശംസ അർപ്പിച്ചതാണ് പലരും ചോദ്യം ചെയ്തത്. കഴിഞ്ഞ സെപ്തംബറിൽ പ്രധാനമന്ത്രിക്കും ശശി തരൂർ ജന്മദിനാശംസ നേർന്നിരുന്നു. ഒപ്പം സർക്കാറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും പറഞ്ഞിരുന്നു.