കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ നേതാക്കള്‍ ബി.ജെ.പിയില്‍ പോകുന്നത് തടയും: ശശി തരൂര്‍

തന്നെ പിന്തുണയ്ക്കുന്ന ആളുകൾ വിമതരോ ഗാന്ധി കുടുംബത്തിന് എതിരോ അല്ലെന്ന് ശശി തരൂര്‍

Update: 2022-10-16 02:48 GMT
Advertising

ഗുവാഹത്തി: കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാൽ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുന്നത് തടയുമെന്ന് ശശി തരൂർ. ഇതാണ് തന്റെ മുന്നിലുള്ള ആദ്യ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്ന ആളുകൾ വിമതരോ ഗാന്ധി കുടുംബത്തിന് എതിരോ അല്ല. അവർ ഗാന്ധി കുടുംബത്തിന് എതിരാണെന്ന പ്രചാരണം തെറ്റാണെന്നും ശശി തരൂർ പറഞ്ഞു.

"ഗാന്ധി കുടുംബം എപ്പോഴും കോൺഗ്രസിനൊപ്പമാണ്, ഞങ്ങളും. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും അത് കോൺഗ്രസിന്റെ വിജയമാണെന്ന മനോഭാവത്തോടെയാണ് ഞങ്ങള്‍ മത്സരിക്കുന്നത്. ഖാർഗെ സാര്‍ എന്‍റെയും നേതാവാണ്. ഞങ്ങൾ ശത്രുക്കളല്ല. കോൺഗ്രസിലെ മാറ്റത്തിന്റെ സ്ഥാനാർഥിയാണ് ഞാൻ. ഖാർഗെ എവിടെ പോകുമ്പോഴും മുതിർന്ന നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. എന്നാൽ ഞാൻ എവിടെ പോവുമ്പോഴും സാധാരണ ജനങ്ങളാണ് കൂടെയുള്ളത്"- വോട്ട് തേടി അസമിലെ ഗുവാഹത്തിയിൽ എത്തിയ തരൂർ പറഞ്ഞു.

പുതിയ പ്രസിഡന്‍റിന് കീഴിൽ കോൺഗ്രസ് വീണ്ടും ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും തരൂര്‍ പറഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുകയാണ് പുതിയ പ്രസിഡന്റിന് മുന്നിലുള്ള ദൗത്യം. ദേശീയതലത്തിൽ പുതിയ സഖ്യം രൂപീകരിക്കുകയെന്നതാണ് ആദ്യ ഉത്തരവാദിത്വമെന്നും തരൂര്‍ പറഞ്ഞു.

പാർട്ടിയിലെ യുവ നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും എനിക്ക് അതിശയകരമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ മുതിർന്ന നേതാക്കള്‍ ഖാർഗെയ്‌ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Summary- Shashi Tharoor says if he is elected as Congress chief, he would try to stop Congress leaders from quitting and joining the rival BJP

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News