'ഓരോ ഉരസലും അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ നിങ്ങളുടെ കണ്ണാടി എങ്ങനെ മിനുങ്ങും?'-റൂമിയെയും ഫൂക്കോയെയും കടമെടുത്ത് തരൂർ

''നെഹ്റു-ഗാന്ധി കുടുംബത്തിന് കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ എപ്പോഴും പ്രത്യേക സ്ഥാനമുണ്ടാകും.''

Update: 2022-10-19 11:51 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു പിന്നാലെ പാർട്ടി നേതൃത്വത്തിൽനിന്നുള്ള വിമർശനങ്ങളോട് പരോക്ഷ പ്രതികരണവുമായി ശശി തരൂർ. ഓരോ ഉരസലും നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ നിങ്ങളുടെ കണ്ണാടി എങ്ങനെ മിനുങ്ങുമെന്ന് പേർഷ്യൻ കവി ജലാലുദ്ദീൻ റൂമിയെ ഉദ്ധരിച്ച് തരൂർ ട്വീറ്റ് ചെയ്തു. തത്വചിന്തകൻ മിഷേൽ ഫൂക്കോയുടെയും ഉദ്ധരണികൾ തരൂർ ട്വീറ്റ് ചെയ്തു.

''തെളിവുകളും അനുമാനങ്ങളും പുനഃപരിശോധിച്ച് പതിവു പ്രവർത്തന, ചിന്താരീതികളെ ഇളക്കുകയാണ് ബുദ്ധിജീവിയുടെ ജോലി. പരമ്പരാഗത പരിചിതത്വങ്ങൾ ഇല്ലാതാക്കുക. നിയമങ്ങളും വ്യവസ്ഥകളുമെല്ലാം പുനർമൂല്യനിർണയം നടത്തുക. രാഷ്ട്രീയ താൽപര്യങ്ങളുടെ രൂപീകരണത്തിൽ പങ്കാളിയാകുക. ഇതെല്ലാമാണ് ബുദ്ധിജീവിയുടെ ജോലി''-തരൂർ പങ്കുവച്ച ഫൂക്കോയുടെ ഉദ്ധരണിയിൽ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ചും തന്നെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞും തരൂർ വിശദമായ പ്രസ്താവന പുറത്തിറക്കിയിരുന്നു. പാർട്ടി പ്രതിനിധികളുടെ തീരുമാനത്തെ വിനയപൂർവം സ്വീകരിക്കുന്നു. കോൺഗ്രസിന്റെ അഭ്യുദയകാംക്ഷികളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും യാഥാർത്ഥ്യമാക്കാൻ പ്രവർത്തിക്കും. ഖാർഗെയ്‌ക്കൊപ്പം ഒരുമിച്ചു പ്രവർത്തിക്കുമെന്നും തരൂർ വ്യക്തമാക്കി.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് അദ്ദേഹം പ്രത്യേകം നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. അവർക്ക് കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ എപ്പോഴും പ്രത്യേക സ്ഥാനമുണ്ടാകും. നെഹ്‌റു-ഗാന്ധി കുടുംബം കോൺഗ്രസിന്റെ അടിസ്ഥാനശിലയായി തുടരുമെന്നും തരൂർ വ്യക്തമാക്കി.

തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 9,915 പ്രതിനിധികളിൽ 9,497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 7,897 വോട്ടാണ് ഖാർഗെയ്ക്ക് ലഭിച്ചത്. ശശി തരൂരിന് 1,072 വോട്ടും ലഭിച്ചു. 416 വോട്ട് അസാധുവായി.

Summary: "If you are irritated by every rub, how will your mirror be polished?"; Shashi Tharoor quotes Rumi after Congress president election result

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News