അമ്പും വില്ലും: തടസഹരജിയുമായി ഷിൻഡെ വിഭാഗം സുപ്രിംകോടതിയിൽ
ഉദ്ധവ് വിഭാഗം സുപ്രിംകോടതിയെ സമീപിക്കാനിരിക്കെയാണ് ഹരജി
ഡൽഹി: തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലിനുമായി ഷിൻഡെ വിഭാഗം സുപ്രിംകോടതിയിൽ. മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന തടസവാദ ഹരജി ഫയൽ ചെയ്തു. അമ്പും വില്ലും ചിഹ്നം ഷിൻഡെ വിഭാഗത്തിന് അനുവദിച്ചെതിനെതിരേ ഉദ്ധവ് വിഭാഗം സുപ്രിംകോടതിയെ സമീപിക്കാനിരിക്കെയാണ് ഹരജി.
നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയുടെ അടിമയായി മാറിയെന്നും ചരിത്രത്തിൽ സമാനതയില്ലാത്ത പ്രവർത്തനങ്ങളാണ് അവർ ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിൻഡെ പക്ഷത്തിന് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം തീരുമാനിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
താക്കറെമാരുടെ കുടുംബവീടായ മാതോശ്രീയുടെ പുറത്ത് തടിച്ചുകൂടിയ നൂറുകണക്കിന് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഉദ്ധവിന്റെ പ്രസംഗം. പാർട്ടിയുടെ ചിഹ്നം മോഷണം പോയെന്നും മോഷ്ടാക്കളെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും ഷിൻഡെ പക്ഷത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഉദ്ധവിന്റെ പിതാവ് ബാൽ താക്കറെ 1966ൽ രൂപീകരിച്ച ശിവസേനയുടെ പേരും ചിഹ്നയും വെള്ളിയാഴ്ചയാണ് ഷിൻഡെ പക്ഷത്തിന് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. കഴിഞ്ഞ എട്ട് മാസത്തോളമായി തുടരുന്ന സംഘടനയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെടുത്ത തീരുമാനം ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയാണ്.
അന്തിമ തീരുമാനമെടുക്കാൻ സുപ്രിംകോടതി വിധി വരുന്നത് വരെ കാത്തിരിക്കണമെന്ന് ഉദ്ധവ് പക്ഷം ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സുപ്രിംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.