മൂന്നു മാസത്തിന് ശേഷം ജാമ്യം; ജഡ്ജിക്ക് മുമ്പിൽ കൂപ്പുകയ്യോടെ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

ജാമ്യം നൽകപ്പെട്ടതോടെ റാവത്ത് ജയിൽമോചിതനായി. വൻ സ്വീകരണമാണ് ശിവസേന ഉദ്ദവ് ബാൽ താക്കറെ വിഭാഗം അദ്ദേഹത്തിന് നൽകിയത്

Update: 2022-11-09 13:52 GMT
Advertising
മുംബൈ: കള്ളപ്പണം വെളുപ്പിൽ കേസിൽ മൂന്നു മാസത്തിനൊടുവിൽ ജാമ്യം ലഭിച്ചതോടെ ജഡ്ജിക്ക് മുമ്പിൽ കൂപ്പുകയ്യോടെ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. 'ഞാൻ താങ്കളോട് കടപ്പാടുള്ളവനാണ്' ജഡ്ജി എം.ജി ദേശ്പാണ്ഡെയോട് അദ്ദേഹം പറഞ്ഞു. 'നന്ദി പറയേണ്ട ആവശ്യമില്ല. എല്ലാ കാര്യവും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ തീരുമാനിക്കുന്നത്. മെറിറ്റില്ലെങ്കിൽ ഈ വിധിയുമുണ്ടാകില്ല' ജഡ്ജി അദ്ദേഹത്തിന് മറുപടിയും നൽകി.

പത്ര ചൗൾ റീ ഡവലപ്‌മെൻറ് പ്രൊജക്ടിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് മുംബൈ പ്രത്യേക കോടതി ശിവസേനാ എംപിക്ക് ജാമ്യം നൽകിയത്. റാവത്തിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹരജി കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 31ന് അറസ്റ്റിലായ റാവത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ മുംബൈ ആർതർ റോഡ് ജയിലിലായിരുന്നു. ജാമ്യം തടയാനായി മുംബൈ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ഇ.ഡി അറിയിച്ചിരിക്കുന്നത്. എന്നാൽ തങ്ങളും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് റാവത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ജാമ്യം നൽകപ്പെട്ടതോടെ റാവത്ത് ജയിൽമോചിതനായി. വൻ സ്വീകരണമാണ് ശിവസേന ഉദ്ദവ് ബാൽ താക്കറെ വിഭാഗം അദ്ദേഹത്തിന് നൽകിയത്.

1034 കോടിയുടെ പത്രചൗൾ ഭൂമി അഴിമതി കേസിലാണ് റാവത്തിനെ ഇഡി അറസ്റ്റ് ചെയ്തത്. ഷിൻഡെ പക്ഷത്തോടു തെറ്റിയ ഉദ്ധവ് പക്ഷ ശിവസേനയിലെ വിശ്വസ്തനായ നേതാവായിരുന്നു സഞ്ജയ് റാവത്ത്. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിപദം ഏറ്റെടുത്തതിനു പിന്നാലെയാണ് പത്ര ചൗൾ ഭൂമി കുംഭകോണക്കേസിൽ സഞ്ജയ് റാവത്തിനെതിരായ അന്വേഷണം ഇ.ഡി ശക്തമാക്കിയത്. ആഗസ്ത് 1നാണ് റാവത്തിനെ അറസ്റ്റ് ചെയ്യുന്നത്. റാവത്തിന്റെ ഭാര്യ വർഷ റാവത്തിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.

ശിവസേനാ വിമത എംഎൽഎമാരുടെ സംഘത്തിൽ ചേരാൻ തനിക്കും ഓഫർ ലഭിച്ചെന്ന് വെളിപ്പെടുത്തി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രംഗത്ത് വന്നിരുന്നു. എന്നാൽ താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായതു കൊണ്ട് അതു നിരസിച്ചെന്നും അന്ന് റാവത്ത് പറഞ്ഞു. ബിജെപിയുടെയും ഷിൻഡെ പക്ഷ ശിവസേനയുടെയും കടുത്ത വിമർശകനായിരുന്നു റാവത്ത്. ഇതേ തുടർന്നാണ് അദ്ദേഹത്തെ കേസിൽ കുരുക്കിയതെന്ന് ആരോപിക്കപ്പെട്ടിരുന്നു.

Shiv Sena leader Sanjay Rawat got bail after three months in the money laundering case

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News