ഭൂമി കുംഭകോണ കേസ്: ശിവസേന എംപി സഞ്ജയ് റാവത്ത് അറസ്റ്റില്‍

സഞ്ജയ് റാവത്തിന്‍റെ വസതിയിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തിയെന്ന് ഇ.ഡി

Update: 2022-08-01 02:23 GMT
Advertising

മുംബൈ: ശിവസേന എം.പി സഞ്ജയ് റാവത്തിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 1034 കോടിയുടെ പത്രചൗൾ ഭൂമി അഴിമതി കേസിലാണ് അറസ്റ്റ്. ആറ് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സഞ്ജയ് റാവത്തിന്‍റെ വസതിയിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തിയെന്ന് ഇ.ഡി അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്ക് സഞ്ജയ് റാവത്തിനെ കോടതിയിൽ ഹാജരാക്കും.

ഇന്നലെ സഞ്ജയ് റാവത്തിന്‍റെ മുംബൈയിലെ വസതിയിൽ ഇ.ഡി 10 മണിക്കൂര്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് എംപിയെ കസ്റ്റഡിയിലെടുത്ത് ഇ.ഡിയുടെ ദക്ഷിണ മുംബൈ ഓഫീസിലേക്ക് കൊണ്ടുപോയി. അവര്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്നും തല കുനിക്കില്ലെന്നും ശിവസേന വിടില്ലെന്നും ഇ.ഡി ഓഫീസിലെത്തിയ ശേഷം റാവത്ത് പ്രതികരിക്കുകയുണ്ടായി.

ഭൂമി കുംഭകോണ കേസിൽ ചോദ്യംചെയ്യലിന് ഹാജരാവാന്‍ നേരത്തെ ഇ.ഡി സഞ്ജയ് റാവത്തിന് നോട്ടീസ് അയച്ചിരുന്നു. ജൂലൈ 20നും 27നും ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അയച്ച സമൻസുകൾ സഞ്ജയ് റാവത്ത് കൈപ്പറ്റിയെങ്കിലും പാർലമെന്റ് സമ്മേളനം ഉള്ളതിനാൽ ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. പകരം ഓഗസ്റ്റ് 7ന് ശേഷമുള്ള തിയ്യതി അനുവദിക്കാൻ ആണ് അഭിഭാഷകൻ മുഖേന സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടത്. അതിനിടെയാണ് ഇന്നലെ ഇ.ഡി റെയ്ഡ് നടത്തിയത്.

ചേരി നിർമാർജനത്തിന്‍റെ ഭാഗമായുള്ള ഫ്ലാറ്റ് നിർമാണത്തിന്‍റെ പേരില്‍ 1034 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എന്നാല്‍ തന്‍റെ പേരിലുള്ള കേസ് വ്യാജമാണെന്നാണ് സഞ്ജയ് റാവത്തിന്‍റെ വാദം. മുംബൈയിലെ വസതിയിൽ ഇ.ഡി പരിശോധന നടത്തുമ്പോൾ താൻ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തിരുന്നു.

"ഒരു അഴിമതിയുമായും എനിക്ക് ബന്ധമില്ലെന്ന് താക്കറെയുടെ പേരില്‍ ഞാൻ സത്യം ചെയ്യുന്നു, തല പോയാലും ശിവസേന വിടില്ല"- സഞ്ജയ് റാവത്ത് വ്യക്തമാക്കി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News