ബാനറിനെ ചൊല്ലി തർക്കം; ബി.ജെ.പി നേതാവിന് ശിവസേന ഷിൻഡെ പക്ഷം പ്രവർത്തകരുടെ മർദനം
വിഷയം പൊലീസ് ഗൗരവമായി എടുക്കുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു.
മുംബൈ: മഹാരാഷ്ട്രയിൽ ഭരണപക്ഷ പാർട്ടികളിലൊന്നായ ബി.ജെ.പിയുടെ നേതാവിനെ തെരുവിൽ തല്ലി സഹപാർട്ടിയായ ശിവസേന ഷിൻഡെ പക്ഷം പ്രവർത്തകർ. ബാനറുകൾ വയ്ക്കുന്നതിനെ ചൊല്ലി നടന്ന തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ ഇരുവിഭാഗവും പരസ്പരം ഭീഷണിയുമായി രംഗത്തെത്തി.
തുടർന്നാണ് ഷിൻഡെ പക്ഷം ബി.ജെ.പി നേതാവിനെ ആക്രമിച്ചത്. പിന്നാലെ ഇരുവിഭാഗവും പൊലീസിനെ സമീപിച്ചു. താനെയിലെ നേതാവായ പ്രശാന്ത് ജാദവിനാണ് മർദനമേറ്റത്. എന്നാൽ വിഷയം പൊലീസ് ഗൗരവമായി എടുക്കുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു. സംഘർഷത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
ഒരു കൂട്ടമാളുകൾ പ്ലക്കാർഡ് സ്ഥാപിക്കാൻ ശ്രമിക്കുന്നതും പൊടുന്നനെ അവർക്കിടയിൽ സംഘർഷമുണ്ടാവുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ, ഒരാളെ മറ്റുള്ളവർ ചേർന്ന് മർദിക്കുകയായിരുന്നു. അയാൾ നിലത്തുവീഴുമ്പോൾ തടിക്കഷണങ്ങൾ കൊണ്ട് അടിക്കുന്നതും കാണാം.
വ്യാഴാഴ്ച താനെയിലെ വാഗ്ലെ എസ്റ്റേറ്റിലെ പരബ്‌വാഡിയിൽ ബാനറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശാന്ത് ജാദവും ശിവസേന ഷിൻഡെ വിഭാഗവും തമ്മിൽ തർക്കമുണ്ടായിരുന്നു. പൊലീസിൽ വിവരമറിയിച്ചതോടെ ഇരുകൂട്ടർക്കും താക്കീത് നൽകി രംഗം ശാന്തമാക്കുകയും ചെയ്തു.
എന്നാൽ, വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും ജാദവും ഷിൻഡെ പക്ഷവും തമ്മിൽ തർക്കമുണ്ടാവുകയും മർദനമേൽക്കുകയുമായിരുന്നു. 15- 20 ആളുകൾ ചേർന്നാണ് ജാദവിനെ മർദിച്ചതെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.
നേരത്തെ, ഷിൻഡെ വിഭാഗത്തിന്റെ പ്രാദേശിക മുൻ കോർപ്പറേറ്റർമാരായ വികാസ് റെപാലെക്കും നമ്രത ഭോസാലെക്കുമെതിരെ ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. അന്നുമുതൽ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം നിലനിന്നിരുന്നു.
അതേസമയം, ബി.ജെ.പി നേതാവിന് മർദനമേറ്റതിൽ പ്രതികരണവുമായി മഹിളാ മോർച്ച രംഗത്തെത്തി. സൗഹൃദത്തിന് സൗഹൃദം, അടിക്ക് അടി, ചോരയ്ക്ക് ചോര എന്നാണ് അവരുടെ ട്വീറ്റ്.
വിഷയം പൊലീസ് ഗൗരവമായി എടുക്കുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി എം.എൽ.എമാരായ നിരഞ്ജൻ ദാവ്ഖരെയും സഞ്ജയ് കേൽക്കറും വാഗ്ലെ എസ്റ്റേറ്റ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഗജാനൻ കബ്ദുലെയുമായി കൂടിക്കാഴ്ച നടത്തി. ഇരു ഭാഗത്തുനിന്നും പൊലീസിന് സമ്മർദം ഉണ്ടെന്നാണ് റിപ്പോർട്ട്.