'നേര് വിജയിക്കുന്ന ദിനത്തിനായി കാത്തിരിക്കുന്നു' വിവാഹവാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി ശ്വേതാ ഭട്ട്
2018 സെപ്തംബര്‍ അഞ്ചിനാണ് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
തങ്ങളുടെ മുപ്പത്തിയഞ്ചാം വിവാഹവാർഷിക ദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട്. "നമ്മൾ മൂന്ന് പേർ ഒന്നിച്ചില്ലാത്ത മൂന്നാമത്തെ വിവാഹവാർഷികമാണ് ഇന്ന്. നിങ്ങളുടെ ഭാര്യയായിരിക്കുന്നതിൽ ഞാൻ എത്രത്തോളം അഭിമാനിക്കുന്നുവെന്ന് വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയില്ല. തിന്മക്കെതിരെ നന്മ വിജയിക്കുന്ന ദിനത്തിനായി കാത്തിരിക്കുന്നു" - അവർ ഫേസ്‌ബുക്കിൽ കുറിച്ചു.
2018 സെപ്തംബര്‍ അഞ്ചിനാണ് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെയും സംഘപരിവാരത്തിന്‍റെയും വിമര്‍ശകനായിരുന്ന സഞ്ജീവ് ഭട്ടിനെ പഴയ കേസുകളില്‍പ്പെടുത്തിയാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തതെന്ന വിമര്‍ശനം തുടക്കം തൊട്ടേയുണ്ട്. ഗുജറാത്ത് വംശഹത്യ മോദിയുടെ അറിവോടെയാണെന്ന് വെളിപ്പെടുത്തിയതോടെയാണ് സഞ്ജീവ് ഭട്ടിനെ ബിജെപി വേട്ടയാടാന്‍ തുടങ്ങിയത്. 2015ല്‍ സര്‍വീസില്‍ നിന്ന് നീക്കി. 1990ലെ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
ജാംനഗറില്‍ അഡിഷണല്‍ സുപ്രണ്ട് ആയിരിക്കെ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ പിന്നീട് മരിച്ചത് കസ്റ്റഡിയിലെ പീഡനത്തെ തുടര്‍ന്നായിരുന്നു എന്നാണ് കേസ്. വര്‍ഗീയ കലാപത്തെ തുടര്‍ന്നാണ് പ്രഭുദാസ് വൈഷ്ണവി ഉള്‍പ്പെടെ 150 പേരെ കസ്റ്റഡിയിലെടുത്തത്. വിട്ടയച്ച് 10 ദിവസം കഴിഞ്ഞപ്പോള്‍ വൈഷ്ണവി മരിച്ചു. ആ കേസിലാണ് 2018ല്‍ ഭട്ടിനെ അറസ്റ്റ് ചെയ്തത്. 2019ല്‍ ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഈ വിധിക്കെതിരെ ശ്വേത ഭട്ടും കുടുംബവും നിയമ പോരാട്ടം തുടരുകയാണ്.
News Summary : Shweta Bhatt with an emotional note on her wedding anniversary