ബിൽക്കീസ് ബാനു കേസ്: വെളിവായത് ബിജെപി നേതാക്കളുടെ ക്രൂര മനസ്സ്: സിദ്ധരാമയ്യ
ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ശിക്ഷാ കാലാവധി പൂർത്തിയാക്കും മുമ്പ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.
ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടി വിമർശിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതികളെ വിട്ടയച്ചതിലൂടെ ബിജെപി നേതാക്കളുടെ ക്രൂര മനസ്സാണ് പുറത്തുവന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്, ബിജെപി നേതാക്കളുടെ ക്രൂരമായ മാനസികാവസ്ഥ തുറന്നുകാട്ടുന്നു. മനുഷ്യത്വരഹിതരായ ഈ കഴുകന്മാർക്ക് മാപ്പ് നൽകിയതിലൂടെ അവർ രാജ്യത്തിനാകെ നാണക്കേടുണ്ടാക്കി. അമിത് ഷാ രാജിവെച്ച് രാജ്യത്തോട് മാപ്പ് പറയണം'' -സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
.@HMOIndia's order to release the convicts in Bilkis Bano case, exposes the cruel mindset of @BJP4India leaders. They have brought shame to the entire country by granting pardon to these inhuman vultures.@AmitShah should resign & apologise to the entire nation.#BilkisBano
— Siddaramaiah (@siddaramaiah) October 18, 2022
വൈകാരിക വിഷയങ്ങൾ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉപയോഗിക്കുന്ന ബിജെപിയുടെ നടപടികൾ ദൗർഭാഗ്യകരമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ധ്രുവീകരിക്കാനാണ് ബലാത്സംഗക്കാരെയും കൊലപാതകികളെയും മോചിപ്പിക്കുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തെ സ്ത്രീകളുടെ ആശങ്കകളേക്കാൾ തെരഞ്ഞെടുപ്പാണ് പ്രധാനമെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ശിക്ഷാ കാലാവധി പൂർത്തിയാക്കും മുമ്പ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. ഇവർ 14 വർഷമായി ജയിലിൽ കഴിയുകയാണെന്നും പെരുമാറ്റം നല്ലതാണെന്നുമാണ് വിട്ടയച്ചതിനെ കുറിച്ച് ഗുജറാത്ത് സർക്കാർ സുപ്രിംകോടതിയിൽ വിശദീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പ്രതികളെ വിട്ടയച്ചതെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.