സിദ്ധരാമയ്യ ജയിച്ചു, ഡി.കെയും ജയിച്ചു; 6 കാരണങ്ങളിതാ...
സമവായ ഫോര്‍മുല പരിശോധിക്കുമ്പോള്‍ ഈ 'മത്സര'ത്തിലെ വിജയി സിദ്ധരാമയ്യ മാത്രമല്ല, ഡി.കെ കൂടിയാണെന്ന് വ്യക്തമാവും
ബെംഗളൂരു: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് നേതൃത്വം കര്‍ണാടക മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സമവായ ഫോര്‍മുല പരിശോധിക്കുമ്പോള്‍ ഈ മത്സരത്തിലെ വിജയി സിദ്ധരാമയ്യ മാത്രമല്ല, ഡി.കെ കൂടിയാണെന്ന് വ്യക്തമാവും. സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമ്പോള്‍ ഡി.കെ ഉപമുഖ്യമന്ത്രിയാകും. നിര്‍ണായക വകുപ്പുകള്‍ ഡി.കെ ഭരിക്കും. ഒപ്പം ഒരാള്‍ക്ക് ഒരു പദവി എന്ന നിബന്ധനയില്‍ ഇളവ് നല്‍കി പി.സി.സി അധ്യക്ഷനായി തുടരാനും ഡി.കെയെ കോണ്‍ഗ്രസ് നേതൃത്വം അനുവദിച്ചു. മുഖ്യമന്ത്രി പദത്തിലേക്കുള്ള 'മത്സര'ത്തില്‍ സിദ്ധരാമയ്യക്ക് തുടക്കം മുതല്‍ ചില കാരണങ്ങളാല്‍ മുന്‍തൂക്കമുണ്ടായിരുന്നു. അതേസമയം നിലവിലെ സമവായ ഫോര്‍മുല ഡി.കെയ്ക്കും അനുകൂലമാണെന്ന് പറയാന്‍ ചില കാരണങ്ങളുണ്ട്.
1. ഡി.കെ ശിവകുമാറിന് പിന്നാലെ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമുണ്ട്. അനധികൃത സ്വത്ത് സമ്പാദനം എന്ന ആരോപണമാണ് ഡി.കെ നേരിടുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രസർക്കാർ ഈ കേസുകള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവാനാണ് സാധ്യത. ഡി.കെ മുഖ്യമന്ത്രിയായാല്‍, മുഖ്യമന്ത്രിക്കെതിരെ അഴിമതിക്കേസുകള്‍ എന്ന പ്രചാരണം ബി.ജെ.പി നടത്തും. ഇത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ക്ഷീണമാകും.
ആരെ മുഖ്യമന്ത്രിയാക്കുമെന്ന് കോൺഗ്രസ് ആശയക്കുഴപ്പത്തിലിരിക്കെയാണ്, ഡി.കെ ശിവകുമാറിന്റെ സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഇടക്കാല സ്റ്റേ നൽകിയതിനെ ചോദ്യംചെയ്തുള്ള സി.ബി.ഐയുടെ ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചത്. ഇത് ഡി.കെയ്ക്കെതിരായ കേസുകള്‍ സജീവമായി നിലനില്‍ക്കുന്നുവെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായി മാറി.
2. കർണാടകയിലെ ജനകീയനായ നേതാവാണ് സിദ്ധരാമയ്യ. ഭൂരിപക്ഷം കോൺഗ്രസ് എം.എൽ.എമാരുടെയും പിന്തുണ അദ്ദേഹത്തിനുണ്ട്. മുഖ്യമന്ത്രി എന്ന നിലയിലെ പരിചയ സമ്പത്തും അദ്ദേഹത്തിന് അനുകൂലമായി.
3. ഡി.കെ ശിവകുമാർ വൊക്കലിഗ വിഭാഗത്തിൽ പെട്ടയാളാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാല്‍ മറ്റ് ജാതി വിഭാഗങ്ങള്‍ അകലുമോയെന്ന് കോണ്‍ഗ്രസിന് ആശങ്കയുണ്ട്. എല്ലാ സാമൂഹിക വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന 42 ശതമാനത്തിലധികം വോട്ട് വിഹിതത്തോടെയുള്ള ചരിത്ര വിജയത്തിനു പിന്നാലെ അത്തരമൊരു അകല്‍ച്ച കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത് വൊക്കലിഗ വിഭാഗത്തിന് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞേക്കില്ല. പക്ഷെ ഡി.കെ നിര്‍ണായക വകുപ്പുകളോടെ മന്ത്രിസഭയിലുണ്ടാകുന്നത് എതിര്‍പ്പ് കുറയ്ക്കും.
4. സിദ്ധരാമയ്യക്ക് അനുകൂലമായ രാഷ്ട്രീയ പരിസരത്തില്‍ നിന്നാണ് ഡി.കെ ശക്തമായ വിലപേശല്‍ നടത്തിയത്. ഒരാള്‍ക്ക് ഒരു പദവി എന്ന നിബന്ധന ഡി.കെയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇളവ് ചെയ്തതോടെ അദ്ദേഹം ഉപമുഖ്യമന്ത്രിയായും പി.സി.സി അധ്യക്ഷനായും തുടരും.
5. തനിക്കും കൂടെയുള്ളവര്‍ക്കും മന്ത്രിസഭയില്‍ നിര്‍ണായക പങ്കാളിത്തം ഡി.കെ ഉറപ്പുവരുത്തും.
6. സിദ്ധരാമയ്യ നേരത്തെ മുഖ്യമന്ത്രിയായപ്പോള്‍ (2013-2018), ആദ്യ വർഷം ശിവകുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കളെ പാര്‍ശ്വവല്‍ക്കരിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാലിന്ന് മന്ത്രിസഭയിലും പാർട്ടിയിലും സ്വാധീനം ഉറപ്പാക്കാനാണ് ഡി.കെയുടെ തീരുമാനം.