സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി പദത്തിലേക്ക്
രാഹുൽ ഗാന്ധിയുടെ ഉൾപ്പെടെ പിന്തുണ സിദ്ധരാമയ്യക്കാണ്
ഡല്‍ഹി: കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. രാഹുൽ ഗാന്ധിയുടെ ഉൾപ്പെടെ പിന്തുണ സിദ്ധരാമയ്യക്കാണ്. ഡി.കെ ശിവകുമാര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി.
സിദ്ധരാമയ്യയോ ഡി.കെ ശിവകുമാറോ- ആരു മുഖ്യമന്ത്രിയാകണമെന്ന് തിരക്കിട്ട കൂടിയാലോചനകള്‍ ഡല്‍ഹിയില്‍ നടന്നിരുന്നു. ഡൽഹിയിലെത്തിയ ഡി.കെ ശിവകുമാർ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്തിമ തീരുമാനം ഹൈകമാൻഡിന്റേതാണെന്ന് ഡി.കെ ശിവകുമാർ പ്രതികരിച്ചു. താൻ രാജി ഭീഷണി മുഴക്കിയെന്ന പ്രചാരണം അസംബന്ധമാണെന്നും ശിവകുമാര്‍ പറഞ്ഞു- "പാർട്ടി അമ്മയാണ്. തീരുമാനമെന്തായാലും പാർട്ടിക്കൊപ്പം നിൽക്കും".
രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. 135 എം.എൽ.എമാരിൽ ഭൂരിപക്ഷം പേരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണെന്ന് കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രണ്‍ദീപ് സുർജെവാലയും കേന്ദ്രനിരീക്ഷകരും മല്ലികാർജുൻ ഖാർഗെയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എം.എൽ.എമാരുടെ പിന്തുണയും അവസാന മത്സരം എന്ന പ്രഖ്യാപനവും സിദ്ധരാമയ്യയ്ക്ക് അനുകൂലമായി.