ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് തന്റെ ഓഫീസിൽ ജോലി നൽകി സിദ്ധരാമയ്യ
മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ജോലി വാഗ്ദാനം നൽകിയെങ്കിലും നൽകിയില്ലെന്നും യുവതി ആരോപിക്കുന്നു
ബെംഗളൂരു: ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിക്ക് സെക്രട്ടേറിയേറ്റിൽ ജോലി നൽകാൻ നിർദേശം നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനിടയിലാണ് യുവതിയുടെ ദുരിതവും മുഖ്യമന്ത്രി കേട്ടത്.
എം.കോം ബിരുദധാരിയാണ് പെൺകുട്ടി. 2022 ഏപ്രിൽ 28 നാണ് യുവതി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. മാതാപിതാക്കൾക്കൊപ്പമാണ് മുഖ്യമന്ത്രിയെ കാണാൻ യുവതി എത്തിയത്. വിദ്യാഭ്യാസ യോഗ്യത കൂടി കണക്കിലെടുത്താണ് യുവതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ ജോലി നൽകാൻ ഉത്തവിട്ടത്.
കഴിഞ്ഞ സർക്കാർ കാലത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ കണ്ട് തന്റെ ജോലിക്കാര്യം അറിയിച്ചിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി ജോലി വാഗ്ദാനം നൽകിയെങ്കിലും ജോലി നൽകിയില്ലെന്നും യുവതി ആരോപിക്കുന്നു. സെക്രട്ടറിയേറ്റിൽ കരാർ അടിസ്ഥാനത്തിൽ യുവതിക്ക് ജോലി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.