തടവറയിൽ നിന്നും പുറത്തേക്ക് കൈപിടിച്ചവരെ കാണാൻ സിദ്ദീഖ് കാപ്പനെത്തി; നന്ദി വേണ്ട, കടമയെന്ന് രൂപ്‍രേഖ വർമ

ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ചില മനുഷ്യരാണ് കാപ്പന് ജാമ്യക്കാരായി എത്തിയത്

Update: 2023-02-03 02:14 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ചില മനുഷ്യരാണ് ജാമ്യക്കാരായി എത്തിയത്. സർവകലാശാല മുൻ വിസി മുതൽ മാധ്യമ പ്രവർത്തകർ വരെ രേഖകളുമായി പലതവണ കോടതി കയറി ഇറങ്ങി. ജയിലിൽ നിന്നും പുറത്തിറങ്ങിയ സിദ്ദീഖ് കാപ്പൻ ലക്‌നോ വിടുന്നതിനു മുമ്പേ ഇവരെ തേടിയെത്തി. മീഡിയവൺ സംഘത്തിനു ഒപ്പമായിരുന്നു സിദ്ദീഖിന്റെ യാത്ര.

ഏറ്റവും വേദനിപ്പിച്ച യുപിയിൽ നിന്ന് തന്നെയാണ്, യുപിക്കാരായവർ തടവറയിൽ നിന്നും പുറത്തേക്ക് കാപ്പന്റെ കൈപിടിച്ചത്. സുപ്രിംകോടതിയിൽ നിന്നും ജാമ്യം ലഭിച്ച ഉടൻ മലപ്പുറത്ത് നിന്നും ബന്ധുക്കളായ ജാമ്യക്കാർ ലഖ്‌നൗവിലെത്തി. യുപി സ്വദേശികൾ തന്നെ ജാമ്യക്കാരാകണമെന്ന് കോടതി നിബന്ധന മുന്നോട്ട് വച്ചതോടെ കിട്ടിയ ജാമ്യം വെറുതെയാകുമോ എന്ന ഭയമായി. ധീരമായ മാധ്യമ പ്രവർത്തനം നടത്തിയ സിദ്ദീഖ് കാപ്പൻ ഒറ്റപ്പെടരുതെന്ന കരുതലോടെ യുപിയിലെ മാധ്യമ പ്രവർത്തകനായ കുമാർ സൗവിറും അലിമുല്ല ഖാനും തയാറായി. മാധ്യമ പ്രവർത്തകൻ ആയത് കൊണ്ടാണ് ജാമ്യം നിന്നത് അലിമുല്ല ഖാൻ പറയുന്നു.

സ്വന്തം കാറിന്റെ ആർസി ബുക്ക് രേഖയായി എടുത്തു നീട്ടി ജാമ്യക്കാരിയായ ലഖ്നൗ സർവകലാശാല മുൻ വിസി രൂപ് രേഖ വർമയെ കാണാൻ സിദ്ദീഖ് കാപ്പൻ എത്തി. പ്രായത്തിന്റെ അവശതകൾ മറന്നു സിദ്ദീഖിനെ മകനെപോലെ ചേർത്തു പിടിച്ചു. ഫാസിസത്തിന്റെ ഭയക്കാലം മാറുമെന്നും വെറുപ്പിന്റെ കാർമേഘങ്ങൾ അകലുമെന്നും രൂപ് രേഖ വർമ പറഞ്ഞു.

വീടിനുള്ളിൽ ഒതുങ്ങാതെ, ഉയർന്ന നീതിപീഠങ്ങളുടെ പടവുകൾ ഉറച്ച ചുവടുകളോടെ ചവിട്ടി കയറിയ ഭാര്യ റെയ്ഹാന കാപ്പന്റെ ധൈര്യത്തെക്കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരുന്നു. മധുരത്തിനോടൊപ്പം സ്‌നേഹവും കാപ്പന് പകർന്നു നൽകി.

ദസ്തയേവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിൽ മനസുലക്കുന്ന ഒരു രംഗമുണ്ട്. സോണിയയേ കാണാൻ വീട്ടിലെത്തിയ റസ്‌ക്കോൾ നികോവ് കടുത്ത ദാരിദ്ര്യം കണ്ടു ഹൃദയം നുറുങ്ങുന്ന വേദനയോടെ മുട്ടുകുത്തി പറയുന്നു, ഞാൻ നിന്റെ മുന്നിലല്ല മുട്ടുകുത്തിയത് മുഴുവൻ മനുഷ്യ വംശത്തിന്റെയും അനന്തമായ വ്യതകൾക്ക് മുന്നിലാണ് എന്ന്.... അതുപോലെ നീതി നിഷേധിക്കപ്പെട്ടു കുറ്റവാളിയെന്നു മുദ്രകുത്തുന്ന മുഴുവൻ മനുഷ്യർക്ക് വേണ്ടിയാണ് ഈ മനുഷ്യർ സിദ്ദീഖിന്  ജാമ്യക്കാരായത്.




Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News