സിദ്ദു മൂസെവാലയുടെ കൊലപാതകം: 34 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു
മെയ് 29നാണ് ഗായകനും രാഷ്ട്രീയ നേതാവുമായ സിദ്ദു മൂസെവാലയെ വെടിവെച്ചു കൊന്നത്. 25 വെടിയുണ്ടകൾ മൂസെവാലയുടെ ശരീരത്തിൽ തുളഞ്ഞു കയറിയെന്നാണ് ഓട്ടോപ്‌സി റിപ്പോർട്ടിൽ പറയുന്നത്.
ഛണ്ഡിഗഡ്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 34 പേരെ പ്രതികളാക്കി മാൻസ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എട്ട് പ്രതികളെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. ഇതിൽ നാലുപേർ വിദേശത്താണ്.
മെയ് 29നാണ് ഗായകനും രാഷ്ട്രീയ നേതാവുമായ സിദ്ദു മൂസെവാലയെ വെടിവെച്ചു കൊന്നത്. 25 വെടിയുണ്ടകൾ മൂസെവാലയുടെ ശരീരത്തിൽ തുളഞ്ഞു കയറിയെന്നാണ് ഓട്ടോപ്‌സി റിപ്പോർട്ടിൽ പറയുന്നത്. കുപ്രസിദ്ധ മാഫിയാ തലവനായ ലോറൻസ് ബിഷ്‌ണോയ്, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് ഗോൾഡി ബ്രാർ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
മൂസെവാലയെ വെടിവെച്ച ആറുപേരിൽ മൂന്നുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. രണ്ടുപേർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒരാൾ ഒളിവിലാണ്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരെ മൂസെവാലയുടെ കുടുംബം കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.