അസം പൊലീസ് വെടിവയ്പ്പ്: മുഈനുല്‍ ഹഖിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് എസ്‌ഐഒ ഏറ്റെടുത്തു
മുഈനുല്‍ ഹഖിന്റെ കുടുംബത്തെ എസ്‌ഐഒ ദേശീയ പ്രസിഡന്റ് സല്‍മാന്‍ അഹ്‌മദ് അടക്കമുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു
അസം പൊലീസ് വെടിവച്ചുകൊന്ന മുഈനുല്‍ ഹഖിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് എസ്‌ഐഒ ഏറ്റെടുത്തു. സല്‍മാന്‍ അഹ്‌മദ് ആണ് ഇക്കാര്യം അറിയിച്ചത്.
മുഈനുല്‍ ഹഖിന്റെ കുടുംബത്തെ അസമിലെത്തി സല്‍മാന്‍ അഹ്‌മദ് അടക്കമുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു. കുടുംബത്തിനുള്ള എല്ലാവിധ പിന്തുണയും ഐക്യദാര്‍ഢ്യവും നേതാക്കള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അസമിലെ ദറങ്ങില്‍ പൊലീസ് നരനായാട്ടില്‍ 30കാരനായ മുഈനുല്‍ ഹഖും 12കാരനായ ശൈഖ് ഫരീദും കൊല്ലപ്പെട്ടത്. കാര്യമായ പ്രകോപനങ്ങളൊന്നുമില്ലാതെയായിരുന്നു ദറാങ്ങിലെ സിപാജറില്‍ ഗ്രാമീണര്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തത്. വെടിയേറ്റു വീണ മുഈനുല്‍ ഹഖിനെ പൊലീസ് ലാത്തികൊണ്ട് പൊതിരെ മര്‍ദിക്കുകയും ചെയ്തു. ജീവന്‍ പോയെന്നുറപ്പാക്കിയ ശേഷം പൊലീസ് ഇവിടെനിന്നു മാറുമ്പോഴായിരുന്നു ഫോട്ടോജേണലിസ്റ്റ് ബിജോയ് ശങ്കര്‍ ബോനിയ മൃതദേഹത്തില്‍ ചാടിയും ചവിട്ടിയും അതിക്രമം നടത്തിയത്. സംഭവം ദേശീയതലത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
സിപാജറിലെ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ ഗ്രാമീണര്‍ തയാറായിരുന്നില്ല. പൊലീസ് ക്രൂരതയ്ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതുവരെ മൃതദേഹങ്ങള്‍ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.
SIO President Salman Ahmad (@writesalman) visited the family of Shaheed #MoinulHaque, who was killed by Assam Police, and offered them condolence. He also announced that SIO will inshAllah sponsor entire education of all three of his children.#WeAreAllMoinulHaque#AssamHorror pic.twitter.com/bzSu6ePH9r
— SIO of India (@sioindia) September 27, 2021
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം വെടിവയ്പ്പിനെയും തുടര്‍ന്നുനടന്ന സംഭവങ്ങളെയും കുറിച്ച് അന്വേഷിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ ബിജോയ് ബോനിയ അറസ്റ്റിലായിട്ടുണ്ട്.