കർഷക സമരം: സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും
ഹരിയാന പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്കരൺ സിംഗിന്റെ മൃതദേഹം ഇത് വരെയും കുടുംബം ഏറ്റുവാങ്ങിയിട്ടില്ല
പഞ്ചാബ്: ഹരിയാന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും.കർഷകരുടെ വിഷയാധിഷ്ഠിത പോരാട്ടത്തിന് ശ്രമിക്കുമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.
പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്കരൺ സിംഗിന്റെ മൃതദേഹം ഇത് വരെയും കുടുംബം ഏറ്റുവാങ്ങിയിട്ടില്ല. പട്യാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ശുഭ്കരൺ സിംഗിൻ്റെ മൃതദേഹം ഇത് വരെ ഏറ്റുവാങ്ങാനോ പോസ്റ്റ്മോർട്ടം നടത്താനോ കുടുംബവും കർഷക സംഘടനകളും അനുമതി നൽകിയിട്ടില്ല.
സമരത്തിന് എത്തുന്ന കർഷകരെ പഞ്ചാബ് പോലീസ് തടയുന്നു എന്നാരോപിച്ച് പഞ്ചാബ് സർക്കാരിന് എതിരെയും കർഷകർ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കർഷകർക്ക് ഒപ്പം പഞ്ചാബ് സർക്കാർ നിൽക്കുമോ എന്ന് വ്യക്തമാക്കാൻ കർഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചാബിൽ അതിക്രമിച്ച് കയറി ഹരിയാന പോലീസ് നടത്തിയ അക്രമത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മാത്രമേ പഞ്ചാബ് സർക്കാരിനെ വിശ്വസിക്കൂ എന്നാണ് കർഷക സംഘടനാ നേതാക്കളുടെ നിലപാട്. വിഷയാധിഷ്ഠിതമായി മുഴുവൻ കർഷകരെയും ഒരുമിപ്പിക്കാൻ ആറംഗ സമിതിക്ക് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന യോഗത്തിനു ശേഷം സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം ഡൽഹി ചലോ മാർച്ചിൻ്റെ തുടർ നീക്കങ്ങൾ തീരുമാനിക്കും.