'ജി20 അത്താഴവിരുന്നിൽ മമത പങ്കെടുത്തില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല'; വിമർശനവുമായി അധീർ രഞ്ജൻ ചൗധരി
മുഖ്യമന്ത്രി പ്രോട്ടോക്കോൾ പ്രകാരം ഏതെക്കെ പരിപാടിയിൽ പങ്കെടുക്കണമെന്ന് അധീർ രഞ്ജൻ ചൗധരി മമതയെ പഠിപ്പിക്കേണ്ടെന്ന് തൃണമൂൽ എം.പി ശാന്തനു സെൻ പറഞ്ഞു.
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ജി20 അത്താഴവിരുന്നിൽ പങ്കെടുത്ത പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വിമർശിച്ച് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. മോദി സർക്കാരിനെതിരായ മമതയുടെ നിലപാടിനെ ദുർബലപ്പെടുത്തുന്നതാണ് വിരുന്നിൽ പങ്കെടുത്ത നടപടിയെന്ന് ചൗധരി പറഞ്ഞു.
''അവർ അത്താഴവിരുന്നിൽ പങ്കെടുത്തില്ലായിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു. ആകാശം ഇടിഞ്ഞുവീഴില്ല. മഹാഭാരതത്തിന്റെയും ഖുർആന്റെയും വിശുദ്ധി നഷ്ടപ്പെടില്ല. മമത വിരുന്നിൽ പങ്കെടുക്കാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ?''-അധീർ രഞ്ജൻ ചൗധരി ചോദിച്ചു.
തീൻ മേശയിൽ, മമതക്കൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉണ്ടായിരുന്നുവെന്നും അധീർ ചൗധരി ചൂണ്ടിക്കാട്ടി. പല ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരും അത്താഴ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നുവെന്നും അധീർ ചൗധരി പറഞ്ഞു.
മുഖ്യമന്ത്രി പ്രോട്ടോക്കോൾ പ്രകാരം ഏതെക്കെ പരിപാടിയിൽ പങ്കെടുക്കണമെന്ന് അധീർ രഞ്ജൻ ചൗധരി മമതയെ പഠിപ്പിക്കേണ്ടെന്ന് തൃണമൂൽ എം.പി ശാന്തനു സെൻ പറഞ്ഞു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെ രൂപീകരണത്തിന് നിർണായ പങ്കുവഹിച്ച ആളാണ് മമതയെന്ന് എല്ലാവർക്കും അറിയാമെന്നും ശാന്തനു പറഞ്ഞു.