‘വയറ്റിൽ ഇടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്തു’ ബൈഭവ് കുമാറിൽ നിന്ന് സ്വാതി മലിവാളേറ്റത് ക്രൂരമായ മർദനമെന്ന് എഫ്.ഐ.ആർ
നിരവധി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
ന്യൂഡൽഹി: ആം ആദ്മി പാർട്ടി രാജ്യസഭാംഗമായ സ്വാതി മലിവാൾ അരവിന്ദ് കെജ് രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാറിൽ നിന്നേറ്റത് ക്രൂരമായ ആക്രമണമെന്ന് എഫ്.ഐ.ആർ റിപ്പോർട്ട്. സ്വാതിയുടെ വയറ്റിൽ ഇടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്തെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. ഐപിസി 354, 506, 509, 323 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എ.സി.പിയുടെ നേതൃത്വത്തിൽ ഡൽഹി പൊലീസിലെ രണ്ടംഗസംഘം സ്വാതിയുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഇതിന് പിന്നാലെയാണ് എഫ്.ഐ.ആർ ഇട്ട് കേസെടുത്തത്. മെയ് 13 ന് മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചാണ് ക്രൂരമായ അക്രമം നടന്നത്. കെജ്‍രിവാളിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോഴാണ് അതിക്രമം നേരിട്ടത്. ബൈഭവ്കുമാർ നിരവധി തവണ തല്ലുകയും നെഞ്ചിലും വയറിലും ഇടിക്കുകയും ചെയ്തു. മർദ്ദനമേറ്റ സ്വാതി മെഡിക്കൽ ചെക്കപ്പിനായി കഴിഞ്ഞദിവസം ഡൽഹി എയിംസിൽ പോയിരുന്നു. അതെ സമയം അതിക്രമക്കേസിൽ ചോദ്യം ചെയ്യാൻ വെള്ളിയാഴ്ച ഹാജരാകാൻ ദേശീയവനിതാ കമീഷൻ ഭൈഭവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ആക്രമണത്തിന്ന് ശേഷവും കെജ്‌രിവാളിനൊപ്പം ബൈഭവിനെ കണ്ടത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപിയുടെ ശ്രമം. ബുധനാഴ്ച ലക്‌നൗ വിമാനത്താവളത്തില്‍ കെജ്‌രിവാളിനൊപ്പം ബൈഭവിനെ കണ്ടത് ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തുകയായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.