പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്
പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറച്ചത്
ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറച്ചത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101 രൂപ 63 പൈസയാണ് വില. ഡീസലിന് 93 രൂപ 74 പൈസ. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 69 പൈസയാണ്. ഡീസലിന് 95 രൂപ 68 പൈസ. കോഴിക്കോട് പെട്രോളിന് 101 രൂപ 87 പൈസയും ഡീസലിന് 94 രൂപയുമാണ് ഇന്നത്തെ വില.
ഈ ആഴ്ച ഇത് രണ്ടാം തവണയാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചത്. രണ്ട് ദിവസം മുന്‍പ് 15-20 പൈസയുടെ കുറവാണ് പെട്രോള്‍ വിലയിലുണ്ടായത്. കഴിഞ്ഞ 35 ദിവസത്തിനിടെ ആദ്യമായാണ് പെട്രോള്‍ വില കുറഞ്ഞത്.
രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലെത്തിയ വര്‍ഷമാണിത്. പെട്രോള്‍ വില മിക്കയിടങ്ങളിലും 100 കടന്നു. നേരിയ കുറവ് മാത്രമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിടിവ് തുടരുകയാണ്. ഈ മാസം ബാരലിന് 9 ഡോളറാണ് ക്രൂഡ് വില കുറഞ്ഞത്.