കടിച്ച പാമ്പിനെ 45കാരന്‍ തിരിച്ചു കടിച്ചു; പാമ്പ് ചത്തു
ഒഡിഷയിലെ ഗംഭരിപതിയ ഗ്രാമത്തിലാണ് സംഭവമുണ്ടായത്
കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുന്നവനാണ് ഞാന്‍ എന്നൊക്കെ ചിലര്‍ പറയുന്നതു കേട്ടിട്ടില്ലേ. എന്നാല്‍ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാലോ? ചിലപ്പോള്‍ കടിച്ചയാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാം. എന്നാല്‍ ഇതിനു വിപരീതമായൊരു സംഭവമാണ് ഒഡിഷയിലുണ്ടായത്. കടിച്ച പാമ്പിനെ തിരിച്ചു കടിക്കുകയും പാമ്പ് ചാവുകയുമാണുണ്ടായത്.
ജജ്പൂര്‍ ജില്ലയിലെ ഗംഭരിപതിയ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കിഷോര്‍ ബദ്ര(45) എന്നയാളാണ് പാമ്പിനെ തിരിച്ചുകടിച്ചത്. ബുധനാഴ്ച രാത്രി വയലിലെ ജോലിക്ക് ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് ബദ്രയുടെ കാലില്‍ പാമ്പു കടിച്ചത്. അണലി വര്‍ഗത്തില്‍ പെട്ട പാമ്പാണ് കടിച്ചത്. പ്രതികാരം ചെയ്യുന്നതിനായി പാമ്പിനെ തെരഞ്ഞുപിടിച്ച് ബദ്ര തിരിച്ചു കടിക്കുകയായിരുന്നു.
''കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് പോകുമ്പോള്‍ എന്തോ എന്‍റെ കാലില്‍ കടിച്ചു. ടോര്‍ച്ചു കൊണ്ട് നോക്കിയപ്പോള്‍ അത് വിഷപ്പാമ്പാണെന്നു മനസിലായി. പാമ്പിനെ കയ്യിൽ എടുക്കുകയും പല തവണ അതിനെ കടിക്കുകയും ചെയ്തു. അപ്പോള്‍ തന്നെ പാമ്പ് ചത്തു'' ബദ്ര പറഞ്ഞു. ചത്ത പാമ്പിനെയും കൊണ്ടു ഗ്രാമത്തിലെത്തിയ ഇയാള്‍ സംഭവത്തെക്കുറിച്ചു ഭാര്യയോട് പറഞ്ഞു. തുടര്‍ന്ന് ഗ്രാമത്തിലാകെ ഇതു സംസാര വിഷയമാവുകയും ചെയ്തു. ചത്ത പാമ്പിനെ ബദ്ര കൂട്ടുകാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ പോകാന്‍ അയല്‍ക്കാര്‍ ഉപദേശിച്ചെങ്കിലും ബദ്ര വിസമ്മതിച്ചു. തുടര്‍ന്ന് ഒരു പരമ്പരാഗത വൈദ്യനെ കാണുകയും ചെയ്തു. വിഷപ്പാമ്പിനെയാണ് കടിച്ചതെങ്കിലും തനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും ബദ്ര പറഞ്ഞു.