'ചില ആളുകൾ മനഃപൂർവം തൂക്കുപാലം കുലുക്കി, ജീവനക്കാരെ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല; മോർബി ദുരന്തത്തിന്റെ ഭീകരത വിവരിച്ച് സന്ദർശകർ

പാലം തകരുമ്പോൾ 300 ഓളം പേർ അതിൽ ഉണ്ടായിരുന്നെന്ന് രക്ഷപ്പെട്ടവര്‍

Update: 2022-10-31 02:43 GMT
Editor : Lissy P | By : Web Desk
Advertising

മോർബി: അഹമ്മദാബാദ് നിവാസിയായ വിജയ് ഗോസ്വാമിക്കും കുടുംബാംഗങ്ങളും ഞായറാഴ്ച ഉച്ചയ്ക്കാണ് ഗുജറാത്തിലെ മോർബിയിലെ തൂക്കുപാലം സന്ദർശിക്കാൻ പോയത്. എന്നാൽ തിരക്ക് കാരണം അവർ പാതിവഴിയിലെത്തിയപ്പോൾ തിരിച്ചിറങ്ങുകയായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് പാലം തകർന്ന വാർത്ത കേൾക്കുന്നത്.

താനും കുടുംബവും പാലത്തിന് മുകളിലായിരിക്കുമ്പോൾ ചില യുവാക്കൾ മനഃപൂർവം പാലം കുലുക്കാൻ തുടങ്ങിയെന്നും ഇത് ജനങ്ങൾക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഗോസ്വാമി പറഞ്ഞതായി എൻ.ടി. ടി.വി റിപ്പോർട്ട് ചെയ്തു. ഈ പ്രവൃത്തി അപകടകരമാണെന്ന് തോന്നിയതിനാൽ പാലത്തിൽ കൂടുതൽ മുന്നോട്ട് പോകാതെ താനും കുടുംബവും മടങ്ങി. ഇക്കാര്യം പാലം ജീവനക്കാരെ അറിയിച്ചെങ്കിലും അവർ നിസ്സംഗത പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

'പാലത്തിന് മുകളിൽ ഒരു വലിയ ജനക്കൂട്ടമുണ്ടായിരുന്നു. ചില യുവാക്കൾ മനഃപൂർവം പാലം കുലുക്കാൻ തുടങ്ങിയപ്പോൾ ഞാനും എന്റെ കുടുംബവും പാലത്തിന് മുകളിലായിരുന്നു. ഒരു താങ്ങുമില്ലാതെ ആളുകൾക്ക് നിൽക്കാൻ കഴിയില്ല. ഇത് അപകടകരമാണെന്ന് എനിക്ക് തോന്നി. പാലത്തിലൂടെ കുറച്ച് ദൂരം പിന്നിട്ട ശേഷമാണ് ഞാനും കുടുംബവും തിരിച്ചെത്തിയത്. അഹമ്മദാബാദിൽ എത്തിയ ശേഷം ഗോസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദീപാവലി അവധിക്കാലം ആസ്വദിക്കാനാണ് താൻ കുടുംബത്തോടൊപ്പം മോർബിയിലേക്ക് പോയതെന്ന് ഗോസ്വാമി പറഞ്ഞു. 'സ്ഥലത്ത് നിന്ന് പുറപ്പെടുന്നതിന് മുമ്പ്, ആളുകൾ പാലം കുലുങ്ങുന്നത് തടയാൻ ഞാൻ ഡ്യൂട്ടി ജീവനക്കാരോട് മുന്നറിയിപ്പ് നൽകി. പക്ഷേ ടിക്കറ്റ് വിൽക്കുന്നതിൽ മാത്രമാണ് അവർ താൽപ്പര്യം കാണിച്ചത്, തിരക്ക് നിയന്ത്രിക്കാൻ ഒരു സംവിധാനവുമില്ലെന്ന് ഞങ്ങളോട് പറഞ്ഞു. പാലം തകർന്ന വാർത്ത കേട്ടപ്പോൾ ഞങ്ങൾ പേടിച്ചത് സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.

ഏഴ് മാസത്തോളം നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരുന്ന ബ്രിട്ടീഷ് കാലഘട്ടത്തിലെ പാലം നാല് ദിവസം മുമ്പാണ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്. മറ്റ് വിനോദസഞ്ചാരികളെ ഭയപ്പെടുത്താൻ ചില യുവാക്കൾ പാലത്തിന്റെ കയറിൽ ചവിട്ടുന്നതും കുലുക്കുന്ന വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

'പാലം പെട്ടെന്ന് തകർന്നപ്പോൾ ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. ഒരു തൂക്കുകയർ പിടിച്ച് പതുക്കെ മുകളിലേക്ക് കയറിയതിനാൽ ഞാൻ രക്ഷപ്പെട്ടു. പക്ഷേ എന്റെ അച്ഛനെയും അമ്മയെയും ഇപ്പോഴും കാണാനില്ല,' 10 വയസ്സുള്ള ഒരു ആൺകുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാലം തകരുമ്പോൾ 300 ഓളം പേർ അതിൽ ഉണ്ടായിരുന്നെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഒരാളായ മെഹുൽ റാവൽ പറഞ്ഞു,

'ഞങ്ങൾ പാലത്തിലിരിക്കുമ്പോൾ പെട്ടെന്ന് പാലം തകർന്നു. ആളുകളെല്ലാം താഴേക്ക് വീണു. നിരവധി ആളുകൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. പാലം തകരുന്നത് ജനത്തിരക്കായിരുന്നെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മറ്റൊരാള്‍ പറഞ്ഞു.

ദീപാവലി അവധിക്കാലം ആസ്വദിക്കാൻ ഇവിടെയെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും. ഉടൻ തന്നെ പ്രദേശവാസികൾ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയിരുന്നു. സമീപത്തുള്ള എല്ലാ താമസക്കാരും രക്ഷാപ്രവർത്തനത്തിനായി എത്തി. 1979 ലെ ഡാം തകർന്ന സംഭവത്തിന് ശേഷം മോർബിയുടെ ആദ്യത്തെ വലിയ സംഭവമാണിത്. വൈകുന്നേരം വെളിച്ചം കുറവായതിനാൽ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു പ്രദേശവാസികളിലൊരാൾ പറഞ്ഞു. മോർബിയിലെ മച്ചൂ നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ് കഴിഞ്ഞദിവസം തകര്‍ന്ന് വീണത്.  അപകടത്തിൽ മരണം 141 ആയിട്ടുണ്ട്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News