ഇന്ദിരാ ഗാന്ധിയുടെ ഘാതകന്‍ ബിയാന്ത് സിങ്ങിന്‍റെ മകന്‍ ഫരീദ്‍കോട്ടില്‍ സ്ഥാനാര്‍ഥി

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്‍റെ അടുത്തയാളായ കരംജിത് അൻമോളാണ് ആം ആദ്മി സ്ഥാനാര്‍ഥി

Update: 2024-04-12 06:14 GMT
Editor : Jaisy Thomas | By : Web Desk

സരബ്‍ജിത് സിങ്

Advertising

ചണ്ഢീഗഡ്: മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഘാതകന്‍ ബിയാന്ത് സിങ്ങിന്‍റെ മകന്‍ സരബ്‍ജിത് സിങ്(45) ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. പഞ്ചാബിലെ ഫരീദ്കോട്ടില്‍ നിന്നും സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നത്. ഫരീദ്‌കോട്ടിലെ നിരവധി പേർ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ ഈ തീരുമാനമെടുത്തതെന്ന് സരബ്ജിത് പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്‍റെ അടുത്തയാളായ കരംജിത് അൻമോളാണ് ഇവിടുത്തെ ആം ആദ്മി സ്ഥാനാര്‍ഥി. ഗായകൻ ഹൻസ് രാജ് ഹാൻസാണ് ബി.ജെ.പി സ്ഥാനാര്‍ഥി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ മുഹമ്മദ് സാദിഖ് ഫരീദ്കോട്ടില്‍ നിന്നും ലോക്സഭയിലെത്തിയത്. അതേസമയം സരബ്‍ജിത് നേരത്തെയും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബട്ടിൻഡ മണ്ഡലത്തിൽ നിന്ന് മത്സരിച്ച സരബ്ജിത് സിങ് പരാജയപ്പെട്ടിരുന്നു. 2007ൽ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബദൗർ സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും തോറ്റു. 2014ലെ പൊതു തെരഞ്ഞെടുപ്പിൽ ഫത്തേഗഡ് സാഹിബ് സീറ്റിൽ നിന്ന് സരബ്ജിത്ത് വീണ്ടും ഭാഗ്യം പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. സരബ്ജിതിന്‍റെ മാതാവ് ബിമൽ കൗർ 1989-ൽ റോപ്പർ സീറ്റിൽ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇന്ദിരാ ഗാന്ധിയുടെ അംഗരക്ഷകന്‍മാരായിരുന്നു ബിയാന്ത് സിങ്ങും സത്‍വത് സിങ്ങും. അംഗരക്ഷകന്‍മാരുടെ വെടിയേറ്റാണ് 1984 ഒക്ടോബര്‍ 31ന് ഇന്ദിര കൊല്ലപ്പെടുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News