സോണിയ ഗാന്ധി നേരിട്ട് തന്നോട് സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ടു; വിവാദങ്ങൾക്ക് തുടക്കമിട്ട് ഖാർഗെ
ഗാന്ധി കുടുംബം ആരെയും വ്യക്തിപരമായി പിന്തുണക്കില്ല എന്ന പ്രഖ്യാപനത്തിന് അപകീർത്തികരമാവുകയാണ് ഖാർഗെയുടെ വെളിപ്പെടുത്തൽ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ വിവാദങ്ങൾക്ക് തുടക്കമിട്ട് മല്ലികാർജുൻ ഖാർഗെ. ദേശീയ വാർത്താ ഏജൻസിയോട് മല്ലികാർജുൻ ഖാർഗെ നടത്തിയ പ്രതികരണമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. സോണിയ ഗാന്ധി വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് തന്നോട് പാർട്ടിയെ നയിക്കാൻ ആവശ്യപ്പെട്ടത് എന്നാണ് ഖാർഗെയുടെ അവകാശവാദം. ഗാന്ധി കുടുംബം ആരെയും വ്യക്തിപരമായി പിന്തുണക്കില്ല എന്ന പ്രഖ്യാപനത്തിന് അപകീർത്തികരമാവുകയാണ് ഖാർഗെയുടെ വെളിപ്പെടുത്തൽ.
ഹൈക്കമാന്റിന് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പറയുമ്പോഴും കോൺഗ്രസ് കേന്ദ്രനേതൃത്വം മല്ലികാർജുൻ ഖാർഗെയ്ക്ക് ഒപ്പമാണെന്നും ഖാർഗെ നടത്തിയ വെളിപ്പെടുത്തലിൽ വ്യക്തമാണ്. അതേസമയം ശശി തരൂരും തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. അനായാസ വിജയം പ്രതീക്ഷിക്കുന്നവരെ ഞെട്ടിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് തരൂർ പറയുന്നു.
അതേസമയം തെരഞ്ഞെടുപ്പ് തീയതി അടുത്തതോടെ പ്രചാരണ ചൂടിലാണ് സ്ഥാനാർഥികൾ. ഗുജറാത്തിലാണ് ശശി തരൂരിന്റെ ഇന്നത്തെ പ്രചാരണം. ചണ്ഡീഗഡിൽ ഹരിയാന പഞ്ചാബ് ഹിമാചൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളുമായി മല്ലികാർജുൻ ഖാർഗെയും കൂടിക്കാഴ്ച നടത്തും.