പ്രത്യേക പാർലമെന്റ് സമ്മേളനം: കോൺഗ്രസ് എം.പിമാരുടെ അടിയന്തര യോഗം വിളിച്ച് സോണിയാ ഗാന്ധി
സമ്മേളനത്തിൽ പൊതുനയം തീരുമാനിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇൻഡ്യ മുന്നണിയിലെ എം.പിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.
ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി എം.പിമാരുടെ അടിയന്തര യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് യോഗം. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുന്നത്. പാർലമെന്റ് സമ്മേളനത്തിൽ പൊതുനയം തീരുമാനിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇൻഡ്യ മുന്നണിയിലെ എം.പിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.
അതേസമയം കൂടിയാലോചന നടത്താതെയും ബിസിനസ് അഡൈ്വസറി കമ്മിറ്റിയെ അറിയിക്കാതെയും പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചതിൽ പ്രതിപക്ഷ നേതാക്കൾ അമർഷം പ്രകടിപ്പിച്ചു.
അജണ്ട എന്താണെന്ന് വെളിപ്പെടുത്താതെയാണ് കേന്ദ്രം പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. യോഗം വിളിച്ചതിന് പിന്നാലെ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' വിഷയം പഠിക്കാനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഒരു വോട്ടർപട്ടികയും ഒരു തിരിച്ചറിയൽ കാർഡുമുപയോഗിച്ച് ഒരേസമയം ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതിനൊപ്പം തന്നെ തദ്ദേശ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത് പഠിക്കാനും അതിനാവശ്യമായ ഭരണഘടനാ-നിയമഭേദഗതികൾ ശിപാർശ ചെയ്യാനുമാണ് സമിതിക്കുള്ള നിർദേശം.