'നിങ്ങളാകെ ചെയ്തത് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുക എന്നതുമാത്രമാണ്': മോദിക്കും യോഗിക്കുമെതിരെ സോണിയ ഗാന്ധി

യു.പിയില്‍ അസാധാരണമായ വികസനമുണ്ടായെന്ന പ്രധാനമന്ത്രിയുടെ അവകാശവാദമാണ് സോണിയ ഗാന്ധി തള്ളിയത്

Update: 2022-02-22 03:31 GMT
Advertising

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യു.പിയില്‍ അസാധാരണമായ വികസനമുണ്ടായെന്ന പ്രധാനമന്ത്രിയുടെ അവകാശവാദമാണ് സോണിയ ഗാന്ധി തള്ളിയത്. സമൂഹത്തിൽ ഭിന്നത സൃഷ്ടിച്ചതല്ലാതെ സർക്കാർ ഒന്നും ചെയ്തില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു.

തന്‍റെ പാർലമെന്‍റ് മണ്ഡലമായ റായ്ബറേലിയിലെ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി- "അഞ്ച് വർഷമായി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുകയല്ലാതെ ഒന്നും ചെയ്യാത്ത ഒരു സർക്കാരാണിത്. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നില്ല. രാസവളങ്ങളുടെ ദൗർലഭ്യവും അവർക്ക് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നു. ജോലിയില്ലാത്തതിനാൽ യുവാക്കൾ വീട്ടിൽ ഇരിക്കുകയാണ്. നിലവിലുള്ള 12 ലക്ഷം ഒഴിവുകൾ നികത്താൻ സർക്കാർ തയ്യാറാകുന്നില്ല"- സോണിയ ഗാന്ധി പറഞ്ഞു.

പെട്രോൾ, ഡീസൽ, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വിലക്കയറ്റം കാരണം കുടുംബങ്ങള്‍ പ്രതിസന്ധി നേരിടുന്നു. കൊറോണ സമയത്ത് നിങ്ങളുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. ഓക്സിജൻ ലഭ്യമായിരുന്നില്ല. രോഗികൾക്ക് ആശുപത്രിയിൽ പ്രവേശനം ലഭിച്ചില്ല. ലോക്ക്ഡൗൺ നിങ്ങളുടെ ബിസിനസും ഉപജീവനവും തകർത്തു. നിങ്ങള്‍ ദീര്‍ഘദൂരം കാല്‍നടയായി വീട്ടിലെത്തി. മോദി - യോഗി സർക്കാരുകൾ നിരുത്തരവാദപരമായാണ് പെരുമാറിയത്. നിങ്ങളുടെ ദുരിതങ്ങള്‍ക്കു നേരെ കണ്ണടച്ചു. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയുടെ സുഹൃത്തുക്കൾക്ക് വിൽക്കുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

"ഞങ്ങളുടെ രാഷ്ട്രീയം നിങ്ങളുടെ ക്ഷേമത്തിനായാണ്. കൊറോണ സമയത്തും ലോക്ക്ഡൗണിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക, അവശ്യസാധനങ്ങളുടെ വിലവര്‍ധന തടയുക എന്നിവയെല്ലാമാണ് കോണ്‍ഗ്രസിന്‍റെ കാഴ്ചപ്പാട്. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും വേണ്ടിയുള്ള വിശദമായ പദ്ധതികൾ കോൺഗ്രസ് വിഭാവനം ചെയ്തിട്ടുണ്ട്. അഞ്ച് വർഷം ഉത്തർപ്രദേശിൽ കഠിനാധ്വാനം ചെയ്തു. ഈ കാലയളവിൽ 18,000 കോൺഗ്രസ് പ്രവർത്തകരെ ജയിലിലടച്ചു."- സോണിയ ഗാന്ധി പറഞ്ഞു.

സിഎഎ വിരുദ്ധ പ്രതിഷേധങ്ങളും ലോക്ക്ഡൌണ്‍ കാലത്തെ സഹായവുമൊക്കെയായി കോണ്‍ഗ്രസ് കഴിഞ്ഞ അഞ്ചു വര്‍ഷം യു.പിയില്‍ സജീവമായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് യു.പിയില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്- "മോദി-യോഗി ആരുടെ സുരക്ഷയെക്കുറിച്ചാണ് സംസാരിക്കുന്നത്? സ്വന്തം സുരക്ഷയിലും അധികാരത്തിലും ഭ്രമിക്കുന്നവരാണ് അവര്‍. ദരിദ്രരെയും ദലിതരെയും പൊലീസ് മർദ്ദിക്കുമ്പോഴും ബലാത്സംഗത്തിന് ഇരയായവരെ കുടുംബത്തിന്റെ സമ്മതമില്ലാതെ അടക്കുമ്പോഴും അവർ എവിടെയായിരുന്നു?" എന്നാണ് പ്രിയങ്കയുടെ ചോദ്യം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News