'എന്‍റെ മകനെ നിങ്ങള്‍ക്ക് തരുന്നു, സ്വന്തം മകനായി കാണണം, അവന്‍ നിങ്ങളെ നിരാശപ്പെടുത്തില്ല'; റായ്ബറേലിയില്‍ സോണിയയുടെ വികാരനിര്‍ഭരമായ പ്രസംഗം

നിങ്ങൾ എന്നോട് എങ്ങനെ പെരുമാറിയോ, അതുപോലെ തന്നെ ഇപ്പോൾ രാഹുലിനോടും പെരുമാറുക

Update: 2024-05-18 05:30 GMT
Editor : Jaisy Thomas | By : Web Desk
Advertising

റായ്‍ബറേലി: റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വികാരനിര്‍ഭരമായ പ്രസംഗവുമായി സോണിയാ ഗാന്ധി. തന്‍റെ മകനെ ജനങ്ങള്‍ക്ക് കൈമാറുകയാണെന്നും സ്വന്തം മകനായി കാണണമെന്നും രാഹുല്‍ നിരാശപ്പെടുത്തില്ലെന്നും സോണിയ പറഞ്ഞു.

''നിങ്ങൾ എന്നോട് എങ്ങനെ പെരുമാറിയോ, അതുപോലെ തന്നെ ഇപ്പോൾ രാഹുലിനോടും പെരുമാറുക. അവൻ നിങ്ങളെ നിരാശപ്പെടുത്തുകയില്ല.ഇന്ദിരാ ഗാന്ധിയും റായ്ബറേലിയിലെ ജനങ്ങളും എന്നെ പഠിപ്പിച്ച അതേ പാഠങ്ങൾ ഞാൻ രാഹുലിനെയും പ്രിയങ്കയെയും പഠിപ്പിച്ചു. എല്ലാവരേയും ബഹുമാനിക്കുക, ദുർബലരെ സംരക്ഷിക്കുക, ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള അനീതിക്കെതിരെ പോരാടുക.ഭയപ്പെടേണ്ട, കാരണം നിങ്ങളുടെ സമരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും വേരുകൾ വളരെ ആഴത്തിലുള്ളതാണ്'' സോണിയ പറഞ്ഞു. തന്നെ തെരഞ്ഞെടുത്ത റായ്ബറേലിയിലെ ജനങ്ങൾക്ക് സോണിയ നന്ദിയും രേഖപ്പെടുത്തി.

"ഒരുപാട് നാളുകൾക്ക് ശേഷം നിങ്ങളുടെ ഇടയിലാകാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവതിയാണ്. എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് ഞാൻ നിങ്ങളോട് നന്ദി പറയുന്നു. എൻ്റെ ശിരസ്സ് നിങ്ങളുടെ മുമ്പിൽ ആദരവോടെ കുനിഞ്ഞിരിക്കുന്നു. 20 വർഷം എംപിയായി പ്രവർത്തിക്കാൻ നിങ്ങൾ എനിക്ക് അവസരം നൽകി. ഇതാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്. റായ്ബറേലി എൻ്റെ കുടുംബമാണ്, അതുപോലെ അമേഠിയും എൻ്റെ വീടാണ്. എൻ്റെ ജീവിതത്തിലെ ആർദ്രമായ ഓർമകൾ ഈ സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിൻ്റെ വേരുകളും കഴിഞ്ഞ 100 വർഷമായി ഈ മണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു.ഗംഗ മാതാവ് പോലെ പവിത്രമായ ഈ ബന്ധം അവധിലെയും റായ്ബറേലിയിലെയും കർഷക പ്രസ്ഥാനത്തിൽ നിന്നാണ് ആരംഭിച്ചത് അത് ഇന്നും തുടരുന്നു'' ഹിന്ദിയിലായിരുന്നു സോണിയയുടെ പ്രസംഗം. അമ്മയുടെ വികാരനിര്‍ഭരമായ വാക്കുകള്‍ കേട്ട് രാഹുലും പ്രിയങ്കയും സോണിയയുടെ തൊട്ടടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയാണ് റായ്ബറേലി.1951 മുതലുള്ള പൊതുതെരഞ്ഞെടുപ്പില്‍ മൂന്ന് തവണ മാത്രമാണ് മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടത്.ഇന്ദിരാ ഗാന്ധിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ഫിറോസ് ഗാന്ധിയെ രണ്ട് തവണ റായ്ബറേലിക്കാര്‍ വിജയിപ്പിച്ചിട്ടുണ്ട്. 1952ലും 57ലുമാണ് ഫിറോസ് ഇവിടെ നിന്നും മത്സരിച്ചത്. 2004 മുതല്‍ സോണിയ ജയിച്ച മണ്ഡലം കൂടിയാണ് റായ്ബറേലി. 2019ല്‍ യുപിയിലെ 62 മണ്ഡലങ്ങളിലും ബി.ജെ.പി ജയിച്ചപ്പോള്‍ റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. രാജ്യസഭയിലേക്ക് സോണിയ തെരഞ്ഞെടുക്കപ്പെടുകയും ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ദിനേശ് പ്രതാപ് സിങ്ങാണ് റായ്ബറേലിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി. 2019ല്‍ ദിനേശ് സോണിയയോട് പരാജയപ്പെട്ടിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടമായ മേയ് 20ന് റായ്ബറേലിയിലും സമീപത്തെ അമേഠിയിലും വോട്ടെടുപ്പ് നടക്കും.അമേഠിയില്‍ ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ശര്‍മയുടെ എതിരാളി. ''42 വർഷം മുമ്പ് എൻ്റെ പിതാവിനൊപ്പമാണ് ഞാന്‍ ആദ്യം ഇവിടെയെത്തിയത്. രാഷ്ട്രീയത്തെക്കുറിച്ച് എന്നെ പഠിപ്പിച്ചത് അമേഠിയിലെ ജനങ്ങളാണ്. അക്കാലത്ത് റോഡും വികസനവും ഉണ്ടായിരുന്നില്ല. പിന്നെ ഇവിടുത്തെ ആളുകളും എൻ്റെ അച്ഛനും തമ്മിലുള്ള സ്നേഹബന്ധത്തിന് ഞാൻ സാക്ഷിയാണ്'' രാഹുല്‍ ഗാന്ധി പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News