സൂര്യനില്ലാത്ത പ്രഭാതം; പിതാവ് മുലായത്തിന് യാത്രാമൊഴി ചൊല്ലി അഖിലേഷ് യാദവ്

തിങ്കളാഴ്ച ഇറ്റാവ ജില്ലയിലെ സൈഫാ ഗ്രാമത്തില്‍ നടന്ന സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്തിയത്

Update: 2022-10-12 08:16 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇറ്റാവ: സമാജ്‍വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് ഇനി ഓര്‍മകളില്‍ ജീവിക്കും. തിങ്കളാഴ്ച ഇറ്റാവ ജില്ലയിലെ സൈഫാ ഗ്രാമത്തില്‍ നടന്ന സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സംസ്കാരചടങ്ങില്‍ പങ്കെടുത്തു.

''ഇന്നത്തെ പ്രഭാതം സൂര്യനില്ലാത്ത ഒന്നായി കാണപ്പെട്ടുവെന്നാണ് മുലായത്തിന്‍റെ മകനും സമാജ് പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അഖിലേഷ് യാദവ് പിതാവിന്‍റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച ശേഷം ട്വിറ്ററില്‍ കുറിച്ചത്. അഖിലേഷാണ് ചിതയ്ക്ക് തീ കൊളുത്തിയത്. തിങ്കളാഴ്ചയാണ് മുലായം അന്തരിച്ചത്. ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.

അഖിലേഷ് യാദവാണ് മരണവാര്‍ത്ത പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചത്. തന്‍റെ പിതാവും എല്ലാവരുടെയും നേതാജിയും ഇപ്പോള്‍ ഇല്ലെന്നായിരുന്നു അഖിലേഷിന്‍റെ ട്വീറ്റ് . ആഗസ്ത് 22 നാണ് മുലായത്തെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 2ന് രാത്രി അദ്ദേഹത്തെ സിസിയുവിലേക്ക് (ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്) മാറ്റി. കഴിഞ്ഞ അഞ്ച് ദിവസമായി മുലായം സിംഗ് യാദവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. അതേസമയം മുലായം സിങിന് ഭാരതരത്ന നല്‍കണമെന്നാവശ്യപ്പെട്ട് എസ്.പി നേതാവ് ഐ.പി സിംഗ് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News