'പാര്‍ലമെന്റിനെ കേരള നിയമസഭപോലെ ആക്കരുത്'; എം.പിമാര്‍ക്ക് ലോക്‌സഭാ സ്പീക്കറുടെ താക്കീത്
ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, എം.എം ആരിഫ് എന്നിവരാണ് താക്കീത് ലഭിച്ച മലയാളി എം.പിമാര്‍.
പാര്‍ലമെന്റിനെ കേരള നിയമസഭപോലെയാക്കി മാറ്റരുതെന്ന് എം.പിമാര്‍ക്ക് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ താക്കീത്. നിയമസഭാ കയ്യാങ്കളിയിലെ സുപ്രീംകോടതി വിധി ഓര്‍മിപ്പിച്ചുകൊണ്ടാണ് സ്പീക്കറുടെ പരാമര്‍ശം. സഭയില്‍ പേപ്പര്‍ കീറിയെറിഞ്ഞതിന് 13 എം.പിമാര്‍ക്കാണ് സ്പീക്കര്‍ താക്കീത് നല്‍കിയത്. ബി.ജെ.പി നല്‍കിയ അവകാശ ലംഘന നോട്ടീസിലാണ് സ്പീക്കറുടെ നടപടി.
ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, എം.എം ആരിഫ് എന്നിവരാണ് താക്കീത് ലഭിച്ച മലയാളി എം.പിമാര്‍. പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തുടര്‍ച്ചയായ എട്ടാം ദിവസവും സഭ നിര്‍ത്തിവെച്ചിരുന്നു. പെഗാസസ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ സംയുക്ത അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധം ശക്തമായത്.
പ്രതിപക്ഷ ബഹളം വകവെക്കാതെ സ്പീക്കര്‍ സഭാ നടപടികളുമായി മുന്നോട്ടുപോയി. ശൂന്യവേളയിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പേപ്പറുകള്‍ കീറിയെറിഞ്ഞത്. ട്രഷറി ബെഞ്ചുകളിലേക്കും പ്രസ് ഗ്യാലറിയിലേക്കും പേപ്പറുകള്‍ വലിച്ചെറിഞ്ഞു. രാജ്യസഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സഭാ നടപടികള്‍ ഉച്ചവരെ നിര്‍ത്തിവെക്കുകയായിരുന്നു.
അതേസമയം, പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണം രാഹുല്‍ ഗാന്ധി തള്ളി. ജനകീയ വിഷയങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തെ അപമാനിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പെഗാസസ്, കര്‍ഷക സമരം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സഭ ചേരുന്നതിന് മുമ്പ് രാഹുല്‍ പ്രതികരിച്ചിരുന്നു.