നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേട്: ചിത്ര രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് അപേക്ഷ തള്ളിയത്
നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേടിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ എംഡിയും സിഇഒയുമായിരുന്നു ചിത്ര രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് അപേക്ഷ തള്ളിയത്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ചിത്രയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. ഇതേ കേസുമായി ബന്ധപ്പെട്ട് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സുബ്രഹ്‌മണ്യത്തെ സി.ബി.ഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എൻ.എസ്.ഇയുടെ സെർവറുകളിൽ നിന്ന് ചില ബ്രോക്കർമാർക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയിലായിരുന്നു അന്വേഷണം. എൻ.എസ്.ഇയുടെ സെർവർ റൂമിൽ തന്നെ കമ്പ്യൂട്ടർ സ്ഥാപിച്ച് ഒരു ബ്രോക്കർക്ക് മറ്റ് ബ്രോക്കർമാരേക്കാൾ വേഗത്തിൽ മാർക്കറ്റ് ഫീഡ് ആക്സസ് ലഭിച്ചു. ഇതിലൂടെ അവർ ട്രേഡിങിൽ വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കി. സഞ്ജയ് ഗുപ്ത എന്ന ബ്രോക്കറും അദ്ദേഹത്തിൻറെ ഒപിജി സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് ഇത്തരത്തിൽ നേട്ടമുണ്ടാക്കിയതെന്ന് സി.ബി.ഐ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. ആനന്ദ് അറസ്റ്റിലായതിനു പിന്നാലെയാണ് ചിത്ര മുൻകൂർ ജാമ്യം തേടിയത്.
2013ൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻ.എസ്.ഇ) ചീഫ് സ്ട്രാറ്റജിക് അഡൈ്വസറായാണ് ആനന്ദ് സുബ്രഹ്‌മണ്യനെ ആദ്യം നിയമിച്ചത്. എൻ.എസ്.ഇ എം.ഡി ചിത്ര രാമകൃഷ്ണ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായി ആനന്ദ് സുബ്രഹ്‌മണ്യന് സ്ഥാനക്കയറ്റം നൽകി. എൻ.എസ്.ഇയിലെ ക്രമക്കേട് സംബന്ധിച്ച് ആരോപണവിധേയനായതോടെ ജോലി വിട്ടു. ചിത്ര രാമകൃഷ്ണ ആനന്ദ് സുബ്രഹ്‌മണ്യത്തെ എൻ.എസ്.ഇയിൽ നിയമിച്ചത് അജ്ഞാതനായ യോഗിയുടെ നിർദേശ പ്രകാരമായിരുന്നുവെന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) കണ്ടെത്തിയിരുന്നു. നിയമനം ഉൾപ്പെടെ എൻ.എസ്.ഇയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചിത്ര രാമകൃഷ്ണയ്ക്കും ആനന്ദ് സുബ്രഹ്‌മണ്യനും സെബി പിഴ ചുമത്തിയിരുന്നു. ചിത്ര രാമകൃഷ്ണയ്ക്ക് മൂന്ന് കോടി രൂപയും ആനന്ദ് സുബ്രഹ്‌മണ്യത്തിന് രണ്ട് കോടി രൂപയും എൻ.എസ്.ഇ മുൻ എംഡിയും സി.ഇ.ഒയുമായ രവി നരേൻ, ചീഫ് റെഗുലേറ്ററി ഓഫീസർ വി ആർ നരസിംഹൻ എന്നിവർക്ക് ആറ് ലക്ഷം രൂപയുമാണ് പിഴ വിധിച്ചത്.
2013 മുതൽ 2016 വരെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായിരുന്ന ചിത്ര രാമകൃഷ്ണ ബോർഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിവെച്ചത്. ചിത്ര രാമകൃഷ്ണ ഇ മെയിലിലൂടെ അവർ ഹിമായലത്തിലെ യോഗിയെന്ന് വിളിക്കുന്ന അജ്ഞാത വ്യക്തിയുമായി എൻ.എസ്.ഇയുടെ ഭാവി പദ്ധതികൾ, ഡിവിഡൻറ് പേ ഔട്ട് റേഷ്യോ, ഉദ്യോഗസ്ഥരുടെ പെർഫോമൻസ് അപ്രൈസൽ തുടങ്ങി ഡയറക്ടർ ബോർഡിൻറെ അജണ്ടകൾ വരെ പങ്കുവെച്ചിരുന്നുവെന്ന് സെബി കണ്ടെത്തി. ഗ്രൂപ്പ് ഓപ്പറേറ്റിങ് പദവിയിലേക്ക് വേണ്ടത്ര പ്രവൃത്തി പരിചയമില്ലാത്ത ആനന്ദ് സുബ്രഹ്‌മണ്യത്തെ നിയമിച്ചതും അജ്ഞാത വ്യക്തിയുടെ നിർദേശ പ്രകാരമാണെന്ന് സെബി കണ്ടെത്തി. 20 വർഷം മുൻപ് ഗംഗാ തീരത്താണ് യോഗിയെ കണ്ടതെന്നും അന്നു മുതൽ വ്യക്തിപരവും പ്രൊഫഷനലുമായി കാര്യങ്ങളിൽ അദ്ദേഹത്തിൻറെ ഉപദേശം തേടാറുണ്ടെന്നുമാണ് ചിത്ര രാമകൃഷ്ണ പറഞ്ഞത്. എന്നാൽ ഈ യോഗി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചിത്ര രാമകൃഷ്ണയെയും സി.ബി.ഐ ചോദ്യംചെയ്തിരുന്നു.