കച്ചതീവ് പരാമർശം; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി സ്റ്റാലിൻ
പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പ്രധാനമന്ത്രിക്ക് തമിഴ്‌നാടിനോട് സ്‌നേഹമെന്ന് സ്റ്റാലിൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മൂന്ന് ചോദ്യങ്ങളുമായി എം.കെ സ്റ്റാലിൻ. കച്ചതീവ് വിഷയത്തിൽ ഡി.എം.കെക്കെതിരെ പ്രധാനമന്ത്രി ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി രംഗത്തുവന്നത്. തന്റെ എക്‌സിലൂടെയാണ് സ്റ്റാലിൻ പ്രധാനമന്ത്രിയോട് ചോദ്യങ്ങളെന്ന പേരിൽ കുറിപ്പ് രേഖപ്പെടുത്തിയത്.
പത്തുവർഷത്തെ കുംഭകർണ മയക്കത്തിന് ശേഷം പെട്ടന്ന് തമിഴ്‌നാട് ജനതയോടും മത്സ്യതൊഴിലാളികളോടും സ്‌നേഹം തോന്നിയ പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങൾ എന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.
തമിഴ്‌നാട് ഒരുരൂപ നികുതിയായി അടച്ചാൽ കേന്ദ്രം തിരികെ 29 പൈസ മാത്രം തിരികെ നൽകുന്നതെന്തുകൊണ്ട് എന്നതാണ് ആദ്യ ചോദ്യം.
രണ്ട് ദുരന്തങ്ങളെ നേരിട്ടിട്ടും എന്തുകൊണ്ട് തമിഴ്‌നാടിന് ഒരുരൂപ പോലും നൽകാൻ കേന്ദ്രം തയ്യാറായില്ല എന്നതാണ് രണ്ടാമത്തെ ചോദ്യം.
തമിഴ്‌നാടിനായി പത്തുവർഷത്തിനിടെ എന്തെങ്കിലും പദ്ധതികൾ നടത്തിയിട്ടുണ്ടോ എന്നതാണ് മൂന്നാമത്തെ ചോദ്യം.
വ്യതിചലനങ്ങളിൽ ഏർപ്പെടാതെ ചോദ്യങ്ങൾക്ക് വ്യകതമായ മറുപടി നൽകണമെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ബിജെപിയുടെ പുതിയ രാഷ്ട്രീയായുധമാണ് കച്ചദീവ്. 1974ൽ ഇന്ദിരാഗാന്ധി സർക്കാർ ഇന്ത്യയുടെ ഭാഗമായ ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. തമിഴ്‌നാടിന്റെ അവിഭാജ്യഘടകമായിരുന്ന കച്ചതീവ് ദ്വീപ്, തമിഴ് മത്സ്യതൊഴിലാളികൾ സ്ഥിരമായി വിശ്രമത്തിനും മത്സ്യബന്ധനത്തിനുമായി ഉപയോഗിച്ചിരുന്നു. സ്വാതന്ത്രത്തിന് ശേഷം തുടർച്ചയായി ശ്രീലങ്ക ദ്വീപിൽ അവകാശവാദമുന്നയിച്ചിരുന്നു. തമിഴ്നാട് ഭരണകൂടത്തിൻ്റെ എതിർപ്പ് മറികടന്നാണ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത്.