പ്രിയങ്ക ഗാന്ധിക്ക് '1984' എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി
കഴിഞ്ഞ ദിവസമാണ് ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ചിത്രങ്ങളുള്ള ബാഗുമായി പ്രിയങ്ക ലോക്സഭയിൽ എത്തിയത്
ന്യൂ ഡൽഹി: വയനാട് എംപി പ്രിയങ്ക ഗാന്ധിക്ക് '1984' എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി അപരാജിത സാരംഗി. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി ഫലസ്തീനെയും ബംഗ്ലാദേശിനെയും കുറിച്ചുള്ള സന്ദേശങ്ങൾ അടങ്ങിയ ബാഗുകൾ ലോക്സഭയിലേക്ക് കൊണ്ടുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിഖ് കലാപത്തെ ഓർമിപ്പിക്കുന്ന '1984' ബാഗ് അപരാജിത സാരംഗി പ്രിയങ്ക ഗാന്ധിക്ക് സമ്മാനിച്ചത്.
ബാഗിന് പുറത്ത് ചുവപ്പ് നിറത്തിൽ രക്തം ഉറ്റുവീഴുന്നത് പോലെയാണ് 1984 എന്നെഴുതിയിട്ടുള്ളത്. ഭുവനേശ്വറിൽ നിന്നുള്ള ബിജെപി എംപിയായ അപരാജിത പാർലമെന്റിന്റെ ഇടനാഴിയിൽ വെച്ച് പ്രിയങ്ക ഗാന്ധിക്ക് ബാഗ് കൈമാറുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് എന്തെല്ലാമാണ് ചെയ്തതെന്ന് പുതുതലമുറ ഓർക്കണമെന്നും അതിനാണ് പ്രിയങ്കക്ക് ബാഗ് സമ്മാനിച്ചതെന്നും അപരാജിത പറഞ്ഞു. ടോട്ട് ബാഗുകൾ ഉപയോഗിച്ച് പ്രസ്താവനകൾ നടത്തുന്ന പ്രിയങ്ക ഗാന്ധി ഉന്നയിക്കേണ്ട വിഷയമാണ് 1984 കലാപം എന്നും ബിജെപി എംപി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ചിത്രങ്ങളുള്ള ബാഗുമായി പ്രിയങ്ക ഗാന്ധി ലോക്സഭയിൽ എത്തിയത്. പിന്നാലെ വർഗീയ രാഷ്ട്രീയം കളിക്കാനാണ് പ്രിയങ്ക ശ്രമിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചിരുന്നു. താൻ എന്ത് ധരിക്കണമെന്ന് സ്വയം തീരുമാനിക്കുമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. സ്ത്രീകൾ എന്ത് ധരിക്കണമെന്ന് മറ്റുള്ളവർ തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നും പ്രിയങ്ക വിമർശിച്ചിരുന്നു. പിറ്റേ ദിവസം ബംഗ്ലാദേശ് ന്യൂനപക്ഷങ്ങളോടുള്ള അതിക്രമത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ബാഗും പ്രിയങ്ക പാർലമെന്റിലേക്ക് ധരിച്ചിരുന്നു.