ബിബിസി ഡോക്യുമെന്ററി പ്രദർശനം: ഡൽഹി സർവകലാശാലയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ
പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധം. പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സർവകലാശാലയിൽ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു.
ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന്റെ പേരിൽ രണ്ടു വിദ്യാർഥികളെയാണ് സർവകലാശാല ഡീബാർ ചെയ്തത്. ഇത് കൂടാതെ ഏഴ് വിദ്യാർഥികൾക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും നിരവധി വിദ്യാർഥികളുടെ രക്ഷിതാക്കളെ കോളജിൽ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഈ നടപടികൾക്കെതിരെയാണ് എസ്എഫ്‌ഐ, ഫ്രറ്റേണിറ്റി അടക്കമുള്ള സംഘടനകൾ പ്രതിഷേധിച്ചത്.
പുറത്താക്കൽ നടപടി എത്രയും വേഗം പിൻവലിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പ്രതികാരനടപടിയാണ് കോളജിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും സമാധാനപരമായാണ് ഡോക്യുമെന്ററി സംഘടിപ്പിച്ചതെങ്കിലും പൊലീസെത്തി വിദ്യാർഥികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുകൊണ്ടു പോവുകയായിരുന്നുവെന്നും സംഘടനകൾ കുറ്റപ്പെടുത്തി. മുമ്പൊന്നും സർവകലാശാലയിൽ ഉണ്ടാകാത്ത നടപടിയാണുണ്ടായിരിക്കുന്നതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.