ഹിജാബ് വിലക്കിനെതിരെ കോടതിയെ സമീപിച്ച വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി
തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന അപേക്ഷയുമായി വിദ്യാർഥികൾ രംഗത്ത് വന്നു
കർണാടകയിൽ ഹിജാബ് വിലക്കിനെതിരെ കോടതിയെ സമീപിച്ച വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. വിദ്യാർഥികളുടെ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണ് മാനസികമായി പീഡിപ്പിക്കുന്നത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന അപേക്ഷയുമായി വിദ്യാർഥികൾ രംഗത്ത് വന്നു.
കോടതിയെ സമീപ്പിച്ച വിദ്യാർഥികളിൽ ഒരാളായ ഹസ്റ ഷിഫയുടെ പിതാവിന്റെ ഹോട്ടൽ കഴിഞ്ഞ ദിവസം ഒരു സംഘം അടിച്ചു തകർത്തിരുന്നു. ഇതോടെയാണ് തങ്ങൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾ വിദ്യാർഥികൾ മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയത്. തങ്ങളുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുന്നതായും വിദ്യാർഥികൾ പറയുന്നു.
തങ്ങളുടെ സ്വകാര്യത തകർക്കരുതെന്ന അപേക്ഷയും വിദ്യാർഥികൾക്ക് ഉണ്ട്. ഈ മാസം 28ന് നടക്കുന്ന പ്രായോഗിക പരീക്ഷ ഹിജാബ് കേസിൽ വിധി വരുന്നത് വരെ നീട്ടണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ഹിജാബ് വിലക്കിനെതിരെ കോടതിയെ സമീപിച്ച വിദ്യാർഥികളുടെ വ്യക്തിപരമായ വിവരങ്ങൾ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്ററിൽ പ്രസിദ്ധീകരിച്ചത് നേരത്തെ വിവാദമായിരുന്നു.
അതെ സമയം, ഹിജാബ് വിലക്കിനെതിരായ ഹരജിയിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നും വാദം കേൾക്കും. കോളജുകൾ, സിഡിസികൾ എന്നിവരുടെ വാദമാണ് ഇന്ന് നടക്കുക. ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഇടപെടലിന്റെ ഭാഗമായാണ് ഹിജാബ് വിവാദം ഉണ്ടായതെന്ന് ഉഡുപ്പി പിയു കോളജ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരായ ഇന്റലിജൻസ് റിപ്പോർട്ട് സീൽഡ് കവറിൽ എജി ഇന്ന് കോടതിക്ക് കൈമാറും. ഹരജികളിൽ പുതിയ ഇടപെടൽ അനുവദിക്കില്ലെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് ഈ ആഴ്ച വാദം പൂർത്തിയാക്കാനാണ് കോടതി നിർദേശം.
എന്നാൽ കർണാടകയിലെ വിദ്യാലയങ്ങളിൽ അധ്യാപികമാർക്ക് താത്കാലിക ഹിജാബ് നിരോധനമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഹിജാബ്, കാവിഷാൾ തുടങ്ങിയവ നിരോധിച്ചത് വിദ്യാർഥികൾക്ക് മാത്രമാണെന്ന് ബുധനാഴ്ചയാണ് കോടതി വ്യക്തമാക്കിയത്. ഹിജാബ് ധരിച്ചെത്തുന്ന അധ്യാപികമാരും സ്‌കൂൾ കവാടങ്ങളിൽ തടയപ്പെടുന്നുണ്ടെന്ന് ഹിജാബ് നിരോധനത്തിനെതിരെ ഹരജി നൽകിയ വിദ്യാർഥികളുടെ അഭിഭാഷകനായ മുഹമ്മദ് താഹിർ അറിയിക്കുകയായിരുന്നു. അപ്പോൾ മുൻ ഉത്തരവ് വിദ്യാർഥികൾക്ക് മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് റിതു രാജ് അവാസ്തി വ്യക്തമാക്കി.