ഒ.ബി.സി - മുസ്‌ലിം - ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട സ്ത്രീകൾക്ക്‌ ഉപസംവരണം ഏർപ്പെടുത്തണം: ഡോ. എസ് ക്യു ആർ ഇല്യാസ്

മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി ഒമ്പത് വർഷം ഭരിച്ചിട്ടും വനിത സംവരണം നടപ്പിലാക്കാനുള്ള യാതൊരു നീക്കവും നടത്താതിരുന്ന ബി ജെ പി ഇപ്പോൾ ധൃതിപ്പെട്ട് വിഷയം പൊടി തട്ടിയെടുക്കുന്നതിന്റെ പിറകിലെ രാഷ്ട്രീയ ഉന്നം തിരിച്ചറിയപ്പെടണമെന്ന് വെല്‍‌ഫയര്‍ പാര്‍ട്ടി

Update: 2023-09-21 09:42 GMT
Advertising

ന്യൂഡൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യുന്ന വനിതാ സംവരണ ബിൽ സ്വാഗതാർഹമാണെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ ഡോ.എസ്.ക്യു.ആർ ഇല്യാസ്. എന്നാൽ വനിതാ സംവരണത്തിൽ ഒ.ബി.സി - മുസ്‌ലിം - ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട സ്ത്രീകൾക്ക്‌ ഉപസംവരണം ഏർപ്പെടുത്തണമെന്ന് എസ്.ക്യു.ആർ ഇല്യാസ് ചൂണ്ടിക്കാട്ടി.

അതേ സമയം, മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി ഒമ്പത് വർഷം ഭരിച്ചിട്ടും വനിതാ സംവരണം നടപ്പിലാക്കാനുള്ള യാതൊരു നീക്കവും നടത്താതിരുന്ന ബി ജെ പി ഇപ്പോൾ ധൃതിപ്പെട്ട് വിഷയം പൊടി തട്ടിയെടുക്കുന്നതിന്റെ പിറകിലെ രാഷ്ട്രീയ ഉന്നം തിരിച്ചറിയപ്പെടണം. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ബിൽ കൊണ്ട് വന്നത് ബി.ജെ.പി യുടെ തെരഞ്ഞെടുപ്പ് തന്ത്രമാണ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലോ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലോ സംവരണം നടപ്പിലാക്കാൻ ബി ജെ പി ആഗ്രഹിക്കുന്നില്ല. സെൻസസ്, മണ്ഡല പുനർനിർണ്ണയം തുടങ്ങിയ നടപടിക്രമങ്ങളുമായി വനിതാ സംവരണത്തെ ബന്ധിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം അതാണ്. വനിതാ സംവരണം എന്ന് നടപ്പിലാക്കും എന്ന കാര്യം അനിശ്ചിതത്വത്തിൽ നിർത്തി വനിതാ സംവരണത്തിന്റെ പ്രയോക്താവായി മാറാനുള്ള ശ്രമമാണ് ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണത്തേക്കാൾ അതിനെ മുന്നിൽ വെച്ച് തെരഞ്ഞെടുപ്പ് നേട്ടം കൊയ്യലാണ് ബി ജെ പി യുടെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ സാമൂഹിക വൈവിധ്യവും വിവിധ വിഭാഗങ്ങളിൽ പെട്ട സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണവും പരിഗണിച്ച് വനിതാ സംവരണം കൂടുതൽ വിശാലമാക്കണം. പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് നിലവിൽ ഉപസംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങളിലെയും ഒ ബി സി വിഭാഗങ്ങളിലെയും സ്ത്രീകളെയും സംവരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണം. രാജ്യസഭയിലേക്കും ലെജിസ്ലേറ്റീവ് കൗൺസിലുകളിലേക്കും സംവരണം വ്യാപിപ്പിക്കണം. അത് വഴി എല്ലാ പാർശ്വവൽകൃത വിഭാഗങ്ങളിലും പെട്ട സ്ത്രീകളുടെ പ്രാതിനിധ്യം പാർലമെന്റിലും നിയമസഭകളിലും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News