അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ മോദിക്ക് ഒരു പങ്കുമില്ല,വെറുതെ ക്രഡിറ്റെടുക്കുന്ന ദുശ്ശീലമുണ്ട്: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചതിനും മോദിയെ സ്വാമി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു

Update: 2024-06-25 07:44 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്രമണം കടുപ്പിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ മോദിക്ക് ഒരു പങ്കുമില്ലെന്നും വെറുതെ ക്രഡിറ്റ് എടുക്കുന്ന ദുശ്ശീലമുണ്ടെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

''അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ മോദിക്ക് ഒരു പങ്കുമില്ല. അക്കാലത്ത് ഗുജറാത്തിലെ ആർ.എസ്.എസ് പ്രചാരകനായിരുന്നു അദ്ദേഹം.തനിക്ക് അർഹതയില്ലെങ്കിലും ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്ന ദുശ്ശീലം മോദിക്കുണ്ട്'' സ്വാമിയുടെ പോസ്റ്റില്‍ പറയുന്നു. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചതിനും മോദിയെ സ്വാമി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തില്‍ മോദി കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. 1975-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോൾ പാർട്ടി ജനാധിപത്യ തത്വങ്ങളെ അവഗണിച്ചുവെന്നും രാജ്യത്തെ ജയിലാക്കി മാറ്റിയെന്നുമാണ് അദ്ദേഹം ആരോപിച്ചത്. കോൺഗ്രസ് എങ്ങനെയാണ് അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ അട്ടിമറിക്കുകയും ഭരണഘടനയെ ചവിട്ടിമെതിക്കുകയും ചെയ്തത് എന്ന് ജനങ്ങളെ ഓർമിപ്പിക്കുന്നതാണ് ഇരുണ്ട ദിനങ്ങൾ...എന്നും മോദിയുടെ എക്സ് പോസ്റ്റില്‍ പറയുന്നു.


"അധികാരത്തിൽ മുറുകെ പിടിക്കാൻ, അന്നത്തെ കോൺഗ്രസ് സർക്കാർ എല്ലാ ജനാധിപത്യ തത്വങ്ങളെയും അവഗണിച്ച് രാജ്യത്തെ ജയിലിലാക്കി. കോൺഗ്രസിനോട് വിയോജിക്കുന്ന ഏതൊരു വ്യക്തിയെയും പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ട് സാമൂഹികമായി പിന്തിരിപ്പൻ നയങ്ങൾ അഴിച്ചുവിട്ടു,". ഭരണഘടന 'ആക്രമിക്കപ്പെട്ടു' എന്ന ആരോപണത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി, പാർട്ടി ഫെഡറലിസത്തെ നശിപ്പിച്ചുവെന്നും ഭരണഘടനയോടുള്ള അവരുടെ സ്നേഹം പ്രകടിപ്പിക്കാൻ അവർക്ക് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി.

"അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർക്ക് നമ്മുടെ ഭരണഘടനയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ അവകാശമില്ല. ഈ ആളുകൾ തന്നെയാണ് എണ്ണമറ്റ അവസരങ്ങളിൽ ആർട്ടിക്കിൾ 356 അടിച്ചേൽപ്പിക്കുകയും, പത്രസ്വാതന്ത്ര്യം ഇല്ലാതാക്കാൻ ബില്ലുണ്ടാക്കുകയും, ഫെഡറലിസത്തെ നശിപ്പിക്കുകയും, ഭരണഘടനയുടെ എല്ലാ വശങ്ങളും ലംഘിക്കുകയും ചെയ്തത്."എന്നും മോദി ആരോപിച്ചു.

മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തി. ജനം വോട്ട് ചെയ്തത് ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാനാണെന്ന് ചിദംബരം എക്സില്‍ കുറിച്ചു. നിങ്ങളുടെ പോരായ്മകൾ മറയ്ക്കാൻ നിങ്ങൾ ഭൂതകാലത്തിലേക്ക് തുളച്ചുകയറുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.കഴിഞ്ഞ 10 വർഷമായി ഇന്ത്യ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. “പാർട്ടികളെ തകർക്കുക, തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിൻവാതിലിലൂടെ അട്ടിമറിക്കുക, 95% പ്രതിപക്ഷ നേതാക്കളെയും ഇ.ഡി, സിബിഐ, ഐടി എന്നിവയെ ദുരുപയോഗം ചെയ്ത് ആക്രമിക്കുക, മുഖ്യമന്ത്രിമാരെപ്പോലും ജയിലിലടക്കുക ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയല്ലേ?'' ഖാര്‍ഗെ ചോദിച്ചു.





Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News