'ജോഡോ യാത്രയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് പിൻവാങ്ങിയത് ഗുരുതര വീഴ്ച, ആരാണ് ഇതിന് ഉത്തരവിട്ടത്?'; വിമർശിച്ച് കെ.സി വേണുഗോപാൽ

133 ദിവസം കഴിഞ്ഞ യാത്രയിലൊരിക്കലും ഉണ്ടാകാത്ത സുരക്ഷാ വീഴ്ചയാണ് ഇന്ന് സംഭവിച്ചതെന്ന് കോൺഗ്രസ്

Update: 2023-01-27 11:44 GMT
Advertising

ജമ്മുകശ്മീർ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഡി-ഏരിയയിൽ എത്തിയിരിക്കെ സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് പിൻവാങ്ങിയത് ഗുരുതര വീഴ്ചയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കശ്മീരിലെ ബനിഹാളിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ ഗുരുതര സുരക്ഷാ വീഴ്ച വരുത്തി സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ആരാണ് ഉത്തരവിട്ടതെന്നും അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു.

ഈ വീഴ്ചയ്ക്ക് ഉത്തരവാദികളായ അധികാരികൾ മറുപടി പറയുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉചിത നടപടികൾ കൈക്കൊള്ളുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പദയാത്ര തുടരുക തന്നെ ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. തങ്ങളുടെ യാത്രയ്ക്ക് മതിയായ സുരക്ഷ ഒരുക്കേണ്ടത് ജമ്മു കശ്മീർ ഭരണകൂടത്തിന്റെ ഉത്തരവദിത്തമാണെന്നും തുടർന്നുള്ള ദിവസങ്ങളിൽ അവരത് നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. ഇന്ന് നിയന്ത്രിക്കാനാകത്ത ജനക്കൂട്ടം ഉണ്ടായപ്പോൾ സുരക്ഷ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം യാത്ര നിർത്തിവെക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

133 ദിവസം കഴിഞ്ഞ യാത്രയിലൊരിക്കലും ഉണ്ടാകാത്ത സുരക്ഷാ വീഴ്ചയാണ് ഇന്ന് സംഭവിച്ചതെന്ന് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറ്റപ്പെടുത്തി. രാഹുലിന് കയർ കെട്ടി സുരക്ഷയൊരുക്കിയത് പാർട്ടി പ്രവർത്തകരായിരുന്നുവെന്നും ജമ്മുകശീമീർ പൊലീസ് എവിടെ പോയെന്നും സംഭവത്തിന്റെ വീഡിയോ സഹിതം ട്വീറ്റിൽ ചോദിച്ചു. കേന്ദ്രത്തിലെ ഭരണ കക്ഷി തന്നെയാണ് ജമ്മുകശ്മീർ ഭരിക്കുന്നതെന്നും അപ്പോൾ ഈ പിഴവിന് ആരാണ് കുറ്റക്കാരെന്നും ചോദിച്ചു.

ഭാരത് ജോഡോ യാത്ര താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ആരംഭിച്ച യാത്ര സുരക്ഷാ പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് നിർത്തിയത്. പ്രദേശത്ത് വൻ ജനക്കൂട്ടം ഉണ്ടായപ്പോൾ സുരക്ഷ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെടുകയായിരുന്നു. ബനിഹാലിൽ നിന്ന് അനന്ത് നാഗിലേക്കാണ് ഇന്നത്തെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ യാത്ര തുടങ്ങി പത്ത് കിലോമീറ്റർ പിന്നിട്ടതിന് ശേഷം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി യാത്ര അടിയന്തിരമായി നിർത്തിവെക്കുകയായിരുന്നു. ഒമർ അബ്ദുള്ള അടക്കം ഇന്ന് ജോഡോ യാത്രക്കൊപ്പം ഉണ്ടായിരുന്നു.

സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ യാത്ര നിർത്തിവെക്കുമെന്ന് ജയറാം രമേശ് നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇന്നലെ യാത്രക്ക് അവധി നൽകിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ തുടരുകയാണെങ്കിൽ നാളെയും യാത്രക്ക് അവധി നൽകും.

AICC General Secretary KC Venugopal said that the sudden withdrawal of the security personnel when the Bharat Jodo Yatra led by Rahul Gandhi reached D-Area was a serious lapse.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News