സുൽത്താൻപൂർ ജ്വല്ലറി കവർച്ച: രണ്ടാം പ്രതിയേയും ഏറ്റുമുട്ടലിൽ വധിച്ച് യുപി പൊലീസ്
കേസിലെ മുഖ്യപ്രതിയായ മങ്കേഷ് യാദവിനെ സെപ്റ്റംബർ അഞ്ചിന് പൊലീസ് വധിച്ചിരുന്നു.
Update: 2024-09-23 05:44 GMT
ലഖ്‌നോ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ജ്വല്ലറി കവർച്ചാ കേസിൽ അറസ്റ്റിലായ രണ്ടാം പ്രതിയേയും ഏറ്റുമുട്ടലിൽ വധിച്ചു. അനൂജ് പ്രതാപ് സിങ്ങിനെയാണ് വധിച്ചത്. ഉന്നാവോ ജില്ലയിലെ അചൽഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കേസിലെ മുഖ്യപ്രതിയായ മങ്കേഷ് യാദവിനെ സെപ്റ്റംബർ അഞ്ചിന് പൊലീസ് വധിച്ചിരുന്നു. വ്യാജ ഏറ്റുമുട്ടലിലാണ് മങ്കേഷിനെ വധിച്ചതെന്ന് കോൺഗ്രസും എസ്പിയും ആരോപിച്ചിരുന്നു.
കവർച്ചാ സംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേൽക്കുകയും ഒരാൾ രക്ഷപ്പെടുകയും ചെയ്തതായി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് എഡിജിപി അമിതാഭ് യാഷ് പറഞ്ഞു. പരിക്കേറ്റ അനൂജ് പ്രതാപിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിൽ മരണപ്പെടുകയായിരുന്നു.
സുൽത്താൻപൂരിലെ ജ്വല്ലറിയിൽനിന്ന് ആഗസ്റ്റ് 28ന് 1.5 കോടിയുടെ ആഭരണങ്ങളാണ് പ്രതികൾ കവർന്നത്.