'ഇത് ഹിന്ദു-മുസ്‌ലിം വിഷയമല്ല, എല്ലാവരും ഇന്ത്യക്കാർ'; രാമക്ഷേത്രം നിൽക്കുന്ന വാർഡിൽ വിജയിച്ച സുൽത്താൻ അൻസാരി മീഡിയവണിനോട്
അയോധ്യയിലെ രാം അഭിറാം ദാസിന്റെ പേരിലുള്ള ഒന്നാം വാർഡിൽനിന്നാണ് സുൽത്താൻ അൻസാരി വിജയിച്ചത്.
അയോധ്യ: രാമക്ഷേത്രം നിലനിൽക്കുന്ന അയോധ്യയിലെ രാം അഭിറാം ദാസിന്റെ പേരിലുള്ള ഒന്നാം വാർഡിലെ കൗൺസിലർ സുൽത്താൻ അൻസാരിയെന്ന മുസ്‌ലിമാണ്. സുൽത്താൻ അൻസാരി മീഡിയവൺ ഇലക്ഷൻ ഇന്ത്യ എക്‌സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖം.
ചോദ്യം: ഹിന്ദു ഭൂരിപക്ഷ മേഖലയായ അയോധ്യയിലെ ഈ വാർഡിൽനിന്ന് താങ്കൾ തെരഞ്ഞെടുക്കപ്പെട്ടത് എങ്ങനെയാണ്?
അൻസാരി: ഇത് ഹിന്ദുക്കളുടെയോ മുസ് ലിംകളുടെയോ വിഷയമല്ല, എല്ലാവരും ഇന്ത്യക്കാരാണ്. അയോധ്യയിൽ പണ്ടുമുതൽ തന്നെ ഹിന്ദു-മുസ് ലിം സൗഹൃദം നിലനിൽക്കുന്നുണ്ട്. അയോധ്യയിൽ പ്രസാദം ഉണ്ടാക്കുന്നവരിൽ മുസ്‌ലിംകളുണ്ട്. ഹനുമാൻഗഡിയിൽ വസ്ത്രമുണ്ടാക്കുന്നവരിൽ മുസ്‌ലിംകളുണ്ട്. അഭിരാം ദാസ് വാർഡിൽ ആകെ 4000 വോട്ടാണ് ഉള്ളത്. ഇതിൽ 400 വോട്ടാണ് മുസ് ലിംകൾക്കുള്ളത്. ബാക്കിയെല്ലാം ഹിന്ദു വോട്ടുകളാണ്. നമ്മൾ എല്ലാവരുടെയും സുഖ ദുഃഖങ്ങൾക്കൊപ്പം നിൽക്കുന്നു. അങ്ങനെയാണെങ്കിൽ ആർക്കും തെരഞ്ഞെടുപ്പിൽ വിജയിക്കാം. രാമനവമിയും ഹോളിയും വരുമ്പോൾ നമ്മൾ ഹിന്ദു സഹോദരങ്ങൾക്കൊപ്പം നിൽക്കുന്നു. അവർ പെരുന്നാളിന് ഞങ്ങളുടെ അടുത്തും വരുന്നു. ഇവിടെ പ്രശ്‌നങ്ങളില്ല, എല്ലാവരും നന്നായി ജീവിക്കുന്നു.
ചോദ്യം: നിങ്ങൾ എന്തുകൊണ്ടാണ് ബി.ജെ.പിയിൽ ചേർന്നത്?
അൻസാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഞാൻ ബി.ജെ.പിയിൽ ചേർന്നത്. പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാൻ കാർഡ്, ശൗചാലയ പദ്ധതികൾ എല്ലാം മികച്ച രീതിയിൽ ഇവിടെ നടന്നുവരുന്നു.