‘പുതിയൊരു ഭാരതം നിർമിക്കണം’; ഇൻഡ്യ മുന്നണി മഹാറാലിയിൽ കെജ്‌രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ
അരവിന്ദ് കെജ്‌രിവാളിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് നേതാക്കൾ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇൻഡ്യ മുന്നണി സംഘടിപ്പിച്ച മഹാറാലി പ്രതിപക്ഷ നിരയുടെ ശക്തിപ്രകടനമായി. മഹാറാലിയിൽ ഇൻഡ്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശരത് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഭഗവന്ത് മൻ, മെഹബൂബ മുഫ്തി, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ, ഡി. രാജ, ഫാറൂഖ് അബ്ദുല്ല, ഡെറിക് ഒബ്രിയൻ തുടങ്ങിയ നിരവധി നേതാക്കളാണ് പങ്കെടുത്തത്. അരവിന്ദ് കെജ്‌രിവാളിന് പൂർണ പിന്തുണ നേതാക്കൾ പ്രഖ്യാപിച്ചു. കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ അദ്ദേഹത്തിന്റെ സന്ദേശം വായിച്ചുകേൾപ്പിച്ചു.
‘നിങ്ങളുടെ സ്വന്തം കെജ്‌രിവാൾ ജയിലിൽനിന്ന് നിങ്ങൾക്കായി സന്ദേശം അയച്ചിരിക്കുന്നു. ഈ സന്ദേശം വായിക്കുന്നതിന് മുമ്പ് നിങ്ങളോട് ഒരു കാര്യം എനിക്ക് ചോദിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ഭർത്താവിനെ ജയിലിൽ അടച്ചിരിക്കുന്നു. മോദി ചെയ്തത് ശരിയാണോ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? കെജ്‌രിവാൾ ഒരു യഥാർത്ഥ ദേശസ്‌നേഹിയും സത്യസന്ധനുമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? കെജ്‌രിവാൾ ജയിലിലാണ്, അദ്ദേഹം രാജിവയ്ക്കണം എന്നാണ് ബിജെപിക്കാർ പറയുന്നത്. അദ്ദേഹം രാജിവെക്കണോ? നിങ്ങളുടെ കെജ്‌രിവാൾ ഒരു സിംഹമാണ്, അദ്ദേഹത്തെ അധികകാലം ജയിലിൽ അടയ്ക്കാൻ അവർക്ക് കഴിയില്ല’ -സുനിത കെജ്‌രിവാൾ പറഞ്ഞു. സുനിതയുടെ ഓരോ ചോദ്യങ്ങൾക്കും വലിയ ആരവത്തോടെയാണ് സദസ്സ് മറുപടി പറഞ്ഞത്.
‘ജയിലിൽ ഇരുന്ന് വോട്ടല്ല ഞാൻ ചോദിക്കുന്നത്. പുതിയൊരു ഭാരതം നമുക്ക് നിർമിക്കണം. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നമ്മുടെ രാജ്യത്ത് എല്ലാമുണ്ട്. എന്നിട്ടും നമ്മൾ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഏറെ താഴെയാണ്. ഞാനതിൽ വളരെ ദുഃഖിതനാണ്. നമുക്കൊരുമിച്ചു പുതിയൊരു ഭാരതം നിർമിക്കാം. എല്ലാവരും സമന്മാരാകുന്ന ഭാരതം. ശത്രുതയില്ലാത്ത ഭാരതം. ഇൻഡ്യ മുന്നണി വെറും പേരിൽ മാത്രമല്ല. അത് എല്ലാവരുടെയും മനസ്സിലുണ്ട്’ -അരവിന്ദ് കെജ്‌രിവാൾ സന്ദേശത്തിൽ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാളിന്റെ ആറ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സന്ദേശത്തിലുണ്ടായിരുന്നു. 24 മണിക്കൂറും വൈദ്യുതി, രാജ്യത്തുടനീളമുള്ള നിർധനർക്ക് സൗജന്യ വൈദ്യുതി, എല്ലാ പ്രദേശത്തും സർക്കാർ സ്കൂളുകൾ സ്ഥാപിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം, എല്ലാ ഗ്രാമങ്ങളിലും മൊഹല്ല ക്ലിനിക്കുകളും വിവിധ പ്രദേശങ്ങളിൽ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളും, കർഷകർക്ക് സ്വാമിനാഥൻ റിപ്പോർട്ട് പ്രകാരമുള്ള മിനിമം താങ്ങുവില, ഡൽഹിക്ക് സംസ്ഥാനപദവി തുടങ്ങിയ വാഗ്ദാനങ്ങളാണ് സന്ദേശത്തിലുണ്ടായിരുന്നത്.