റെയിൽവെയുടെ സേവനങ്ങൾക്കെല്ലാം ഇനി ഒരു ‘ആപ്പ്’
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെയുടെ മുഴുവൻ സേവനങ്ങളും ഒരു ആപ്പിലൊതുക്കാനൊരുങ്ങുന്നു. റെയിൽവെ ഒരുക്കുന്ന ‘സൂപ്പർ ആപ്പ്’ ഉടൻ പുറത്തിറങ്ങും. നിലവിൽ ടിക്കറ്റ് എടുക്കാനും ട്രെയിൻ എവിടെയെത്തി എന്നറിയാനുമൊക്കെ ഒരു ഡസനിലധികം ആപ്പുകൾ റെയിൽവെക്കുണ്ട്.
ഇവയെല്ലാം ഒരു ആപ്പിലേക്ക് ചുരുക്കാനാണ് റെയിൽവെ പദ്ധതിയിടുന്നത്. ഒപ്പം സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുന്നവരെ കൂടി പുതിയ ആപ്പിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. 90 കോടി രൂപ ചെലവഴിച്ചാണ് ആപ്പ് ഒരുക്കുന്നതെന്ന് റെയിൽവെ വൃത്തങ്ങൾ നൽകുന്ന സൂചന.
റെയിൽവെയുടെ തന്നെ ഐ.ടി വിഭാഗമാണ് ആപ്പ് വികസിപ്പിക്കുന്നത്.നിലവിൽ ഐ.ആർ.സി.ടി.സി ടിക്കറ്റ് ബുക്കിങ്, അൺ റിസർവ്ഡ് ടിക്കറ്റ് ബുക്കിങ് (യു.ടി.എസ്), ട്രെയിനുകളുടെ തത്സമയ വിവരം തുടങ്ങി നിരവധി ആപ്പുകളാണ് റെയിൽവെക്കുള്ളത്. ഈ ആപ്പുകൾക്കെല്ലാം ലക്ഷക്കണക്കിന് ഡൗൺലോഡുകളാണുള്ളത്. പുതിയ ആപ്പ് എന്ന് മുതൽ നിലവിൽ വരുമെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കിയിട്ടില്ല.