യുപിയിൽ കോൺഗ്രസ് സമാജ്‌വാദി പാർട്ടിയെ പിന്തുണയ്ക്കണം: മമത ബാനർജി

പ്രതിപക്ഷ ഐക്യം മുൻനിർത്തി ഒറ്റയാള് പോരാട്ടം ഉപേക്ഷിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ കോൺഗ്രസിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു

Update: 2022-02-07 15:46 GMT
Editor : afsal137 | By : Web Desk
Advertising

യുപി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സമാജ്‌വാദി പാർട്ടിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസിനെ അനുനയിപ്പിക്കാൻ സമാജ് വാദി പാർട്ടി ശ്രമിച്ചെങ്കിലും അഭ്യർത്ഥന നിരസിച്ചെന്നും മമത ബാനർജി പറഞ്ഞു. കോൺഗ്രസ് എന്തായാലും യുപിയിൽ വിജയിക്കാൻ പോകുന്നില്ല, പിന്നെന്തിനാണ് വിലങ്ങു തടിയായി കോൺഗ്രസ് നിൽക്കുന്നതെന്നും മമത ചോദിച്ചു. അഖിലേഷ് യാദവിന് വേണ്ടി പ്രചാരണം നടത്താൻ മമത ഇന്ന് യുപിയിൽ എത്തിയിരുന്നു.

ഓരോ സമുദായവും ഓരോ വോട്ടറും സമാജ് വാദി പാർട്ടിക്കും അഖിലേഷ് യാദവിനും ഒപ്പമുണ്ടെങ്കിൽ അദ്ദേഹത്തിന് വിജയിക്കാനാകുമെന്ന് മമത ബാനർജി വ്യക്തമാക്കി. സഖ്യത്തിനായി തങ്ങളുടെ നേതൃത്വം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സമീപിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് മമത പറഞ്ഞു. തങ്ങളുടെ ചെലവിൽ വളരാൻ ആഗ്രഹിക്കുന്ന തൃണമൂലിനെ 'വിശ്വസനീയമല്ലാത്ത സഖ്യകക്ഷി' എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചതെന്നും മമത വ്യക്തമാക്കി. ഗോവ തിരഞ്ഞെടുപ്പിനെച്ചൊല്ലി തൃണമൂലും കോൺഗ്രസും തമ്മിൽ പുതിയ സംഘർഷം രൂപപ്പെട്ട സാഹചര്യത്തിലാണ് മമതയുടെ പരാമർശം.

പ്രതിപക്ഷ ഐക്യം മുൻനിർത്തി ഒറ്റയാൾ പോരാട്ടം ഉപേക്ഷിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ കോൺഗ്രസിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എല്ലാ ബിജെപി വിരുദ്ധ മുന്നണികളും ഒരുമിച്ച് വരണമെന്നാണ് തൃണമൂൽ കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും ബിജെപിയെ തോൽപ്പിക്കാൻ പ്രാദേശിക പാർട്ടികൾ ഒന്നിക്കണമെന്നും മമത നേരത്തെ ആവശ്യപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നാളെ അഖിലേഷ് യാദവിനൊപ്പം മമത പത്രസമ്മേളനം നടത്തുമെന്നാണ് സൂചന. വ്യാഴാഴ്ച ഏഴ് ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്ന ഉത്തർപ്രദേശിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ അഖിലേഷ് യാദവ് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രിയങ്ക ഗാന്ധിയാണ് യുപിയിൽ കോൺഗ്രസ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. 2017ൽ അഖിലേഷ് യാദവിന്റെ പ്രചരണ പരിപാടിയിൽ സജീവ സാന്നിധ്യമായിരുന്നു മമത ബാനർജി. യുപി തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കില്ലെന്നും എന്നാൽ 2024ലെ ദേശീയ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സ്ഥാനാർത്ഥികളെ നിർത്തിയേക്കുമെന്നും മമത ബാനർജി വ്യക്തമാക്കി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News