'വലിയ സ്വാധീനമില്ലേ, അത് നല്ലരീതിയില്‍ ഉപയോഗിച്ചുകൂടെ': ബാബാ രാംദേവിനെ വിമര്‍ശിച്ച് സുപ്രിംകോടതി
അദ്ദേഹം യോഗയ്ക്ക് വേണ്ടി ചെയ്തതെല്ലാം നല്ലതാണ് എന്നാല്‍ പതഞ്ജലി ഉത്പന്നങ്ങളുടെ കാര്യം വേറെയാണെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി
ന്യൂഡല്‍ഹി: യോഗാ ആചാര്യന്‍ ബാബാ രാംദേവിനെ വീണ്ടും വിമര്‍ശിച്ച് സുപ്രിം കോടതി. വലിയ സ്വാധീനമുള്ള രാംദേവിന് അത് നല്ലതുപോലെ ഉപയോഗിച്ചു കൂടെ എന്നാണ് കോടതി പറഞ്ഞത്. ബാബാ രാംദേവ് സഹസ്ഥാപകനായ പതഞ്ജലി ആയുര്‍വേദ തെറ്റായ പരസ്യങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ വിമര്‍ശനം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ മാപ്പപേക്ഷിച്ചിട്ടും പരസ്യങ്ങള്‍ തുടരുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിലവില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന പരസ്യങ്ങള്‍ ഇനി പ്രദര്‍ശിപ്പിക്കരുതെന്ന് പതഞ്ജലി കത്ത് മുഖേന ടി.വി ചാനലുകളെ അറിയിച്ചതായും വിമര്‍ശനം നേരിട്ട ഉത്പന്നങ്ങളുടെ വിപണനം നിര്‍ത്തിയതായും മുതിര്‍ന്ന അഭിഭാഷകന്‍ ബല്‍ഭീര്‍ സിങ്, കേസ് പരിഗണിക്കുന്ന ബെഞ്ചിനെ അറിയിച്ചു.
ഈ ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്കിനെ കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പതഞ്ജലിയോട് കോടതി ആവശ്യപ്പെട്ടു. ബാബാ രാംദേവിന് വലിയ സ്വാധീനമുണ്ട് അത് നല്ല രീതിയില്‍ ഉപയോഗിക്കണമെന്ന് പിന്നാലെ ജസ്റ്റിസുമാരായ ഹിമ കോഹ്ലി, എ. അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. രാംദേവ് യോഗയ്ക്കായി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത കോടതിയില്‍ പറഞ്ഞു. അദ്ദേഹം യോഗയ്ക്ക് വേണ്ടി ചെയ്തതെല്ലാം നല്ലതാണ് എന്നാല്‍ പതഞ്ജലി ഉത്പന്നങ്ങളുടെ കാര്യം വേറെയാണെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി മറുപടി നല്‍കി. കേസില്‍ ജൂലൈ ഒമ്പതിന് വീണ്ടും വാദം കേള്‍ക്കും.
തെറ്റിദ്ധാരണ ജനിപ്പിക്കും വിധത്തില്‍ പരസ്യം നല്‍കിയെന്നാരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നല്‍കിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു. കോടതി ഇടപെട്ടതോടെ പതഞ്ജലി സഹ സ്ഥാപകരായ ബാബാ രാംദേവും ബാലകൃഷ്ണയും കോടതിയില്‍ മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ കോടതിയലക്ഷ്യക്കേസില്‍ ബാബ രാംദേവിന്റെ മാപ്പപേക്ഷ സുപ്രിംകോടതി പലതവണ നിരസിച്ചിരുന്നു. പതഞ്ജലി മനഃപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്നായിരുന്നു കോടതിയുടെ നിഗമനം. പിന്നാലെ പരസ്യമായി മാപ്പ് അപേക്ഷിച്ച് പത്രങ്ങളില്‍ ഇരുവരും പരസ്യം നല്‍കിയിരുന്നു.