ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു സർവേ തുടരാൻ സുപ്രിംകോടതി അനുമതി; പള്ളി കേടുവരുത്തരുതെന്നും ഖനനം പാടില്ലെന്നും നിര്‍ദേശം

സർവേ തടയണമെന്ന മസ്ജിദ് കമ്മറ്റിയുടെ ഹരജി കോടതി തള്ളി

Update: 2023-08-04 12:53 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തുവകുപ്പിന്റെ സർവേ തുടരാൻ സുപ്രിംകോടതി അനുമതി. സർവേ തടയണമെന്ന മസ്ജിദ് കമ്മറ്റിയുടെ ഹരജി കോടതി തള്ളി. സർവേ റിപ്പോർട്ട് സീൽഡ് കവറിൽ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. ഗ്യാൻവാപി മസ്ജിദിന് കേടുപാടുകൾ വരാത്തരീതിയിൽ സർവേ തുടരാനാണ് സുപ്രിംകോടതി നിർദേശം നൽകിയത്.

ഖനനം ഉൾപ്പടെയുള്ള കാര്യങ്ങൾ അനുവദിക്കില്ല. എഎസ്‌ഐ അഡീഷണൽ ഡയറക്ടർ ജനറൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർവേയുടെ സ്വഭാവം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് വിധേമായി മാത്രമേ സർവേ നടത്താവൂ. ക്രമസമാധാനവുമായി ബന്ധപ്പെട്ട് എഡിജി അലോക് ത്രിപാഠി നൽകിയ ഉറപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സർവേയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഈ ഘട്ടത്തിൽ ഇടപെടേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു. അയോധ്യയിലും ആർക്കിയോളജിക്കൽ സർവേ നടത്തിയിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഭൂതകാലത്തെ മുറിവുകൾ വീണ്ടും തുറക്കാനാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശ്രമിക്കുന്നതെന്ന് മസ്ജിദ് കമ്മിറ്റിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി പറഞ്ഞു. ചരിത്രം കുഴിച്ചു പരിശോധിക്കാനുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നീക്കം 1991ലെ ആരാധനാലയ നിയമത്തിനു വിരുദ്ധമാണെന്നും, സാഹോദര്യവും മതനിരപേക്ഷതയും തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാൽ ഇതൊന്നും കോടതി മുഖവിലയ്ക്ക് എടുത്തില്ല.

വാരാണസി ജില്ലാ കോടതിയുടെ തീരുമാനം ശരിവച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചത്. മസ്ജിദില്‍ സർവേ നടപടികൾ തുടരുകയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News