പാർട്ടി പ്രചാരണത്തിന് അജിത് പവാർ പക്ഷം ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കുന്നത് സുപ്രിംകോടതി തടഞ്ഞു
ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകാനും അജിത് പവാർ പക്ഷത്തോട് കോടതി നിർദേശിച്ചു.
Update: 2024-03-14 08:09 GMT
ന്യൂഡൽഹി: പാർട്ടി പ്രചാരണത്തിന് അജിത് പവാർ പക്ഷം ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കുന്നത് സുപ്രിംകോടതി തടഞ്ഞു. ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ആത്മവിശ്വാസമുണ്ടെങ്കിൽ അജിത് പവാറിന്റെ ചിത്രം ഉപയോഗിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു.
അജിത് പവാർ പക്ഷത്തെ ഔദ്യോഗിക എൻ.സി.പിയായി അംഗീകരിച്ചത് ചോദ്യം ചെയ്ത ശരദ് പവാർ പക്ഷമാണ് ഹരജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്ര, കെ.വി വിശ്വനാഥ് എന്നിവരുടെ ബെഞ്ചാണ് അജിത് പവാർ പക്ഷത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. എൻ.സി.പിയുടെ ക്ലോക്ക് ചിഹ്നം ഉപയോഗിക്കരുതെന്നും കോടതി അജിത് പവാർ പക്ഷത്തോട് നിർദേശിച്ചു.