'ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ ലംഘനം നടന്നാൽ പോലും ഇടപെടുന്നില്ല'; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി

നാഗാലാൻഡ് തെരഞ്ഞെടുപ്പിൽ സ്ത്രീസംവരണം നടപ്പാക്കുന്നത് സംബന്ധിച്ച ഹരജി പരിഗണിക്കവെയായിരുന്നു വിമർശനം

Update: 2023-07-25 15:38 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. മറ്റുള്ള സംസ്ഥാനങ്ങളിൽ ഏതറ്റം വരെയും പോകുന്ന കേന്ദ്ര സർക്കാർ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ ലംഘനം നടന്നാൽ പോലും ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് എസ്കെ കൗൾ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. നാഗാലാൻഡ് തെരഞ്ഞെടുപ്പിൽ സ്ത്രീസംവരണം നടപ്പാക്കുന്നത് സംബന്ധിച്ച ഹരജി പരിഗണിക്കവെയായിരുന്നു വിമർശനം.

നാഗാലാൻഡ് മുനിസിപ്പൽ, ടൗൺ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് സീറ്റുകളിൽ സ്ത്രീ സംവരണം നടപ്പാക്കാൻ നേരത്തെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി സമർപ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാരിനെ സുപ്രിംകോടതി രൂക്ഷമായി വിമർശിച്ചത്.

ബി.ജെ.പി അധികാരത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളിൽ ഏതറ്റം വരെ പോകാനും കേന്ദ്ര സർക്കാർ തയ്യാറാണ്. എന്നാൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടന ലംഘിക്കപ്പെട്ടാൽ പോലും കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെന്ന്  ജസ്റ്റിസുമാരായ എസ്കെ കൗൾ, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേന്ദ്ര സർക്കാർ ഭരണഘടന അനുസരിക്കുന്നില്ലെന്ന് തന്നെ കൊണ്ട് പറയിക്കരുത് എന്നും ജസ്റ്റിസ് എസ്കെ കൗൾ വിമർശിച്ചു.

ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകാൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്നും കോടതി ഓർമിപ്പിച്ചു. ആർട്ടിക്കിൾ 243 ഡി പ്രകാരം വനിതകൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ സംവരണം നൽകുന്ന ഭരണഘടനാ നയം നാഗാലാൻഡിൽ നടപ്പാക്കാൻ എന്തെങ്കിലും തടസമുണ്ടോ എന്ന് സുപ്രിംകോടതി നേരത്തെ കേന്ദ്ര സർക്കാരിനോട് ആരാഞ്ഞിരുന്നു. എന്നാൽ ഇത് സംബന്ധിച്ച മറുപടി കേന്ദ്രം നൽകാത്തത് കൂടിയാണ് കോടതി വിമർശനത്തിന് ആധാരം.

എന്നാൽ ആർട്ടിക്കിൾ 371 എ പ്രകാരം നാഗാലാൻഡിന് നൽകിയിരിക്കുന്ന പ്രത്യേക പദവി മതാചാരങ്ങൾ പിന്തുടരുന്നതിന് മാത്രമാണെന്നും തെരഞ്ഞെടുപ്പിൽ സംവരണം ഏർപ്പെടുത്തുന്നത് ചട്ട ലംഘനം അല്ലെന്നും അഡീഷനൽ സോളിസറ്റർ ജനറൽ കെഎം നടരാജ് കോടതിയെ അറിയിച്ചു. കേസിൽ മറുപടി സമർപ്പിക്കാൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് സമയം നീട്ടി നൽകണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News