'കോടതിയിൽ എത്തുന്നതുവരെ എന്തിന് കാക്കണം?'; ഗവർണർമാർ ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സുപ്രിംകോടതിക്ക് അതൃപ്തി
ഗവർണർ ബൻവാരി ലാൽ പുരോഹിതിനെതിരെ പഞ്ചാബ് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് സുപ്രിംകോടതി നിരീക്ഷണം.
ഡൽഹി: ഗവർണർ- സർക്കാർ തർക്കത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. കോടതിയിൽ എത്തുന്നതുവരെ ബില്ലുകളിൽ ഒപ്പിടാൻ ഗവർണർ എന്തിനു കാക്കണം എന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ചോദ്യം. ഗവർണർ ബൻവാരി ലാൽ പുരോഹിതിനെതിരെ പഞ്ചാബ് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതി നിരീക്ഷണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സമർപ്പിച്ച ഹരജി വെള്ളിയാഴ്ച പരിഗണിക്കും.
ഗവർണർമാർ തെരെഞ്ഞെടുക്കപ്പെട്ട അധികാരികൾ അല്ലെന്നു വസ്തുത അവഗണിക്കരുത് എന്ന് സുപ്രിംകോടതി ബെഞ്ച് ഓർമപ്പെടുത്തി. ഗവർണർക്കെതിരെ ഹരജിയുമായി എത്തിയ തെലങ്കാന സംസ്ഥാന സർക്കാറിന്റെ കാര്യം ബെഞ്ച് ചൂണ്ടിക്കാട്ടി. ഹരജി സമർപ്പിച്ചു കഴിഞ്ഞപ്പോൾ ഗവർണർ ഒപ്പിട്ടു. മുഖ്യമന്ത്രിയുമായി സംസാരിച്ച് രമ്യമായി പ്രശ്ന പരിഹാരം ഉണ്ടാക്കിക്കൂടെ എന്നും കോടതി ചോദിച്ചു. വിഷയം കോടതിയിലേക്ക് എത്തുന്നത് അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
നിർണായകമായ ഏഴ് ബില്ലുകളിൽ ഒപ്പിടാതെ മാസങ്ങളായി തടഞ്ഞു വച്ചിരിക്കുന്ന ഗവർണറുടെ നടപടിയെ ആണ് പഞ്ചാബ് സർക്കാർ ചോദ്യം ചെയ്തത്. നികുതിയുമായി ബന്ധപ്പെട്ട ബിൽ, ജി.എസ്.ടി ഭേദഗതി ബിൽ, ഗുരുദ്വാരകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ബിൽ എന്നിങ്ങനെ പഞ്ചാബിന്റെ ജനജീവിതത്തെയും ദൈനംദിന സാമ്പത്തിക കാര്യങ്ങളെയും ബാധിക്കുന്ന ബില്ലുകളാണ് ഗവർണർ തടഞ്ഞു വച്ചിരിക്കുന്നതെന്ന് സർക്കാറിനുവേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വി ചൂണ്ടിക്കാട്ടി.