ജഹാംഗീർപുരിയിലെ കെട്ടിടങ്ങൾ പൊളിക്കുന്നതിന് സുപ്രീംകോടതി സ്റ്റേ

കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ ജംഇയത്തുൽ ഉലമായെ ഹിന്ദ് നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ

Update: 2022-09-07 09:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ഡൽഹി ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിന് സുപ്രീംകോടതി സ്റ്റേ. കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ ജംഇയത്തുൽ ഉലമായെ ഹിന്ദ് നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ. അനധികൃത കെട്ടിടങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങിയത്.

രാവിലെ കോടതി ചേര്‍ന്നയുടന്‍ അഭിഭാഷകന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. അടിയന്തര ഇടപെടല്‍ വേണമെന്നും കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയതായും അഭിഭാഷകന്‍ അറിയിച്ചു. ഹര്‍ജി നല്‍കാന്‍ നിര്‍ദേശിച്ച കോടതി ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. നാളെ കേസില്‍ വിശദമവാദം കേള്‍ക്കും.



കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശമാണ് ജഹാംഗീര്‍പുരി. സംഘര്‍ഷമുണ്ടായതിനു പിന്നാലെ ഇവിടെയുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിക്കുകയായിരുന്നു. ജഹാംഗീര്‍പുരിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ 400 പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിപ്പിച്ചത്. പത്ത് ബുള്‍ഡോസറുകളും എത്തിയിരുന്നു. 'കയ്യേറ്റം ഒഴിപ്പിക്കൽ ഡ്രൈവി'ന് ബിജെപി ഭരിക്കുന്ന നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പൊലീസ് സഹായം തേടിയിരുന്നു.



രാമ നവമി ഘോഷയാത്രയ്ക്ക് നേരെയുള്ള കല്ലേറിൽ കുറ്റാരോപിതരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 45 പേരുടെ സ്വത്തുവകകൾ മധ്യപ്രദേശിലെ ഖർഗോണിൽ പൊലീസ് സുരക്ഷയിൽ അധികൃതർ നശിപ്പിച്ചിരുന്നു. അനിഷ്ട സംഭവം നടന്ന് 48 മണിക്കൂറിനകമായിരുന്നു ഭരണകൂട നടപടി. പൊതു സ്ഥലങ്ങൾ കൈയേറിയാണ് മിക്കവരും കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളതെന്ന് ഇൻഡോർ ഡിവിഷണൽ കമ്മിഷണർ പവൻ ശർമ്മ ദ ഹിന്ദുവിനോട് പറഞ്ഞിരുന്നു. എന്നാൽ തകർക്കപ്പെട്ട വീടുകളിൽ നിയമപ്രകാരം നിർമിച്ചവയുമുണ്ടെന്ന് പിന്നീട് രേഖകൾ വഴി തെളിയിക്കപ്പെട്ടിരുന്നു. കയ്യേറ്റമാരോപിച്ച് സർക്കാർ പൊളിച്ച് നീക്കിയ ഖർഗോണിലെ ചില വീടുകൾ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിച്ചതാണെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. പദ്ധതി പ്രകാരം ഖാർഗൂൻ പ്രദേശത്ത് വീടുവെച്ച ഹസീന ഫക്രുവിന് ലഭിച്ച വീട് ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റിയിരുന്നു. ആവശ്യമായ മുഴുവൻ രേഖകളും പരിശോധിച്ച ശേഷമാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് അനുവദിച്ചിരുന്നത്. രാമനവമി ദിവസം നടന്ന സംഘർഷത്തിൽ പ്രതിയാക്കപ്പെട്ടവരുടെ വീടുകൾ ഖർഗോൺ ജില്ലാ ഭരണകൂടമാണ് പൊളിച്ച് നീക്കിയിരുന്നത്.



Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News