വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാവുന്ന കാരണമല്ലെന്ന് സുപ്രിംകോടതി
മറ്റു ക്രിമിനൽ കേസുകളിലേത് പോലെ യു.എ.പി.എ പ്രതികൾക്ക് ജാമ്യം പരിഗണിക്കാനാവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ന്യൂഡൽഹി: വിചാരണ നീണ്ടുപോകുന്നത് ജാമ്യം അനുവദിക്കാനാവുന്ന കാരണല്ലെന്ന് സുപ്രിംകോടതി. യു.എ.പി.എ കേസുകളിൽ ജാമ്യം നൽകാനുള്ള വിവേചനാധികാരം പരിമിതമാണെന്നും കോടതി പറഞ്ഞു. ഖലിസ്താൻ ഭീകരവാദവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യാപേക്ഷ തള്ളിയാണ് സുപ്രിംകോടതി നിരീക്ഷണം. മറ്റു ക്രിമിനൽ കേസുകളിലേത് പോലെ യു.എ.പി.എ പ്രതികൾക്ക് ജാമ്യം പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
അമൃത്സറിലെ കോട്മിത് സിങ് ഫ്‌ളൈഓവറിൽ 'ഖലിസ്താൻ സിന്ദാബാദ്' എന്നെഴുതി ബാനർ തൂക്കിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. പഞ്ചാബ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾക്ക് നിരോധിത ഭീകരസംഘടനയായ 'സിഖ് ഫോർ ജസ്റ്റിസ്' എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് അന്വേഷണം 2020 ഏപ്രിലിൽ എൻ.ഐ.എ ഏറ്റെടുത്തിരുന്നു.
പ്രതികൾക്ക് 'സിഖ് ഫോർ ജസ്റ്റിസ്' സംഘടനയിൽനിന്ന് നിയമവിരുദ്ധ മാർഗത്തിലൂടെ വിദേശ ഫണ്ട് ലഭിച്ചെന്നും സിഖുകാർക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന് അവകാശപ്പെടുന്ന ഖലിസ്ഥാനി വിഘടനവാദ ആശയങ്ങൾക്ക് ഈ പണം ഉപയോഗിച്ചെന്നും എൻ.ഐ.എ അന്വേഷണ റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്. 2023 പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ സുപ്രിംകോടതിയെ സമീപിച്ചത്.